റമസാന് ഒരുങ്ങി ഇരു ഹറമും; മണിക്കൂറിൽ 1.07 ലക്ഷം തീർഥാടകരെ ഉൾക്കൊള്ളും വിധം മതാഫ് കെട്ടിടത്തിന്റെ വിപുലീകരണവും പുരോഗമിക്കുന്നു

0
862

മക്ക: റമസാനെ വരവേൽക്കാൻ ഇരു ഹറമും ഒരുങ്ങി. വിശ്വാസികളുടെയും തീർഥാടകരുടെയും തിരക്ക് കണക്കിലെടുത്ത് പ്രാർഥനയ്ക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തി.

ഈന്തപ്പഴം, വെള്ളം, ഭക്ഷണം എന്നിവ ഉൾപ്പെടെ നോമ്പുതുറക്കാനുള്ള സൗകര്യവും  ഉറപ്പാക്കി. തീർഥാടകരുടെയും സന്ദർശകരുടെയും പോക്കുവരവ് സുഗമമാക്കുന്നതിന് പ്രദക്ഷിണ മുറ്റത്തിന്റെ തെക്കുഭാഗത്തായി 3 പ്രവേശന കവാടങ്ങൾ കൂടി ഏർപ്പെടുത്തി.

ഒരേസമയം 12,500ലേറെ വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള മേൽക്കൂരയും ഇത്തവണ വിശ്വാസികൾക്കായി തുറന്നുകൊടുക്കും. മണിക്കൂറിൽ  1.07 ലക്ഷം തീർഥാടകരെ ഉൾക്കൊള്ളും വിധം മതാഫ് കെട്ടിടത്തിന്റെ വിപുലീകരണവും പുരോഗമിക്കുന്നു. സന്ദർശകർ പാലിക്കേണ്ട പൊതു മാർഗനിർദേശങ്ങളും നമസ്കാര സമയവും അടങ്ങിയ വിവിധ ഭാഷകളിലുള്ള ലഘുലേഖകളും വിതരണം ചെയ്യും. നൂറുകണക്കിനു സുരക്ഷാ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

സംസം വെള്ളം (തീർഥ ജലം), ഖുർആൻ പ്രതികൾ എന്നിവ സൗജന്യമായി വിതരണം ചെയ്യും. റമസാനിലെ പ്രത്യേക പ്രാർഥന തറാവീഹിനും നിശാപ്രാർഥന ഖിയാമുല്ലൈലയ്ക്കും എത്തുന്നവർക്കും ആവശ്യമായ സൗകര്യം ലഭ്യമാക്കും.  സൗദിയിലെ ഇതര പള്ളികളിലും റമസാൻ മുന്നൊരുക്കം പൂർത്തിയാക്കി.