ഇന്റർനെറ്റ് വേഗതയിലെ കേമൻ ഈ ഗൾഫ് രാജ്യമാണ്

0
1343

ദോഹ: ഇന്റർനെറ്റ് വേഗതയിലെ കേമൻ ഖത്തർ. ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്റർനെറ്റ് സേവനം ലഭിക്കുന്നത് ഖത്തറിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഇന്റർനെറ്റ് വേഗത അളക്കുന്ന വെബ്സൈറ്റായ Ooklaയുടെ ഗ്ലോബൽ ഇൻഡക്സ് റാങ്കിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ ഒന്നാം സ്ഥാനത്ത് എത്തിയത്. 2022 നവംബർ മാസത്തെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ടാണ്. മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഖത്തർ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

ഖത്തറിലെ മൊബൈൽ ഇന്റർനെറ്റ് സേവനം ഉപയോഗിച്ചുള്ള ശരാശരി ഡൗൺലോഡിങ് വേഗത സെക്കന്റിൽ 176.18 മെഗാബൈറ്റുകളാണ്. അപ്ലോഡിങ് വേഗതയാവട്ടെ 25.13 എം.ബിപി.എസും. 2021 നവംബറിലെ ഇന്റർനെറ്റ് വേഗതയെ അപേക്ഷിച്ച് ഖത്തർ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. ഒരു വർഷം മുമ്പ് ശരാശരി ഡൗൺലോഡിങ് വേഗത 98.10 എംബിപിഎസ് ആയിരുന്ന സ്ഥാനത്തു നിന്നാണ് ഇപ്പോൾ 176.18 എംബിപിഎസ് ആയി ഉയർന്നത്. 2021ൽ യുഎഇക്കായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്റർനെറ്റ് സേനവം ലഭ്യമാവുന്ന രാജ്യമെന്ന സ്ഥാനമുണ്ടായിരുന്നത്.

പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഇപ്പോൾ യുഎഇ തന്നെയാണ്. 139.41 എംബിപിഎസ് ആണ് യുഎഇയിലെ ശരാശരി ഡൗൺലോഡിങ് വേഗത. പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തുള്ള എല്ലാ രാജ്യങ്ങളിലെയും ശരാശരി ഇന്റർനെറ്റ് വേഗത 100 എംബിപിഎസിന് പുറത്താണ്.