ഇത്തിഹാദ് റെയിൽവേയിലൂടെയുള്ള ചരക്ക് ട്രെയിൻ ശൃംഖലയ്ക്ക് ഔദ്യോഗിക തുടക്കമായി

0
673

ദുബൈ: ഇത്തിഹാദ് റെയിൽവേയിലൂടെയുള്ള ചരക്ക് ട്രെയിൻ ശൃംഖലയ്ക്ക് ഔദ്യോഗിക തുടക്കമായി. അബുദാബിയിലെ അൽ ഫയാഹ് മേഖലയിലെ പ്രധാന നിയന്ത്രണ, പരിപാലന കേന്ദ്രത്തിൽനിന്നാണ് ചരക്ക് ഗതാഗതം ആരംഭിച്ചത്. 38 ലോക്കോമോട്ടീവുകളും എല്ലാതരം ചരക്കുകളും കൊണ്ടുപോകാൻ കഴിവുള്ള 1000-ത്തിലേറെ വാഗണുകളും ഉൾപ്പെടുന്നതാണ് ശൃംഖല. രാജ്യത്തുടനീളമുള്ള നാല് പ്രധാനതുറമുഖങ്ങളെയും ഏഴ് ലോജിസ്റ്റിക് കേന്ദ്രങ്ങളെയും ഇത് ബന്ധിപ്പിക്കും. റുവൈസ്, അബുദാബിയിലെ വ്യാവസായിക നഗരം, ഖലീഫ തുറമുഖം, ദുബായ് ഇൻഡസ്ട്രിയൽ സിറ്റി, ജെബൽ അലി തുറമുഖം, അൽ ഖെയ്ൽ, ഫുജൈറ തുറമുഖം എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഒട്ടേറെ ചാർജിങ് സ്റ്റേഷനുകളും ശൃംഖലയിൽ ഉൾപ്പെടുന്നു. കസ്റ്റംസ് വെയർഹൗസുകളും ഓൺസൈറ്റ് കാർഗോ പരിശോധനാ സേവനങ്ങളും ഉൾപ്പെടുന്ന പ്രദേശം മേഖലയിലെ വിതരണ, ലോജിസ്റ്റിക് സേവനങ്ങളുടെ ഒരു പ്രധാനകേന്ദ്രമായി മാറിയിരിക്കുകയാണ്.

ചരക്കു ട്രെയിനിന്റെ ഉദ്ഘാടനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വിവരം പ്രഖ്യാപിച്ചത്.

ഉദ്ഘാടനച്ചടങ്ങിൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ്, അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹമദ് ബിൻ സായിദ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ്, യു.എ.ഇ. സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് തുടങ്ങി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

രാജ്യത്തിന് ഇതൊരു ചരിത്ര നിമിഷമാണെന്നും ദേശീയ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻകഴിയുന്ന പദ്ധതി കെട്ടിപ്പടുക്കാൻ വർഷങ്ങളായി കഠിനാധ്വാനം ചെയ്ത രാജ്യത്തിന്റെ മക്കളുടെ പ്രകടനത്തിൽ അഭിമാനിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.

മേഖലയിലെ ഏറ്റവുംവലിയ ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമുകളിലൊന്നായ ഈ പദ്ധതി ഏഴ് എമിറേറ്റുകളെയും ഒരു പ്രധാന റെയിൽശൃംഖലയിലൂടെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ്. നഗരങ്ങൾ, മരുഭൂമികൾ, വനാന്തരങ്ങൾ തുടങ്ങി വ്യത്യസ്ത ഭൂമിശാസ്ത്ര മേഖലകളിലൂടെ കടന്നുപോകുന്ന റെയിൽവേശൃംഖലയിൽ 593 പാലങ്ങളും ക്രോസിങ്ങുകളും ഒമ്പത് തുരങ്കങ്ങളും ഉൾപ്പെടുന്നു. ചരക്ക് തീവണ്ടികൾക്ക് പ്രതിവർഷം ആറ് കോടി ടൺ ചരക്ക് കൊണ്ടുപോകാനുള്ള ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ വരെയാണ്.