പൈലറ്റിനെയും ക്രൂവിനെയും മാറ്റി; കോഴിക്കോട് – ദമാം എയർ ഇന്ത്യ എക്സ്പ്രസ് ദമാമിലേക്കു പുറപ്പെട്ടു

0
3287

തിരുവനന്തപുരം: യാത്രക്കാരെ മുൾമുനയിൽ നിറുത്തിയ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ തകരാർ പരിഹരിച്ചു.

ഇതേ വിമാനം തന്നെ വൈകിട്ട് 5.18ന് ദമാമിലേക്കു പോയി. പൈലറ്റിനെയും ക്രൂവിനെയും മാറ്റി. ആദ്യം വിമാനം പറത്തിയ പൈലറ്റിന് ടേക് ഓഫിനിടെ വീഴ്ച സംഭവിച്ചതിനാലാണ് അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേത്തുടർന്നു പൈലറ്റിനെ താൽക്കാലികമായി ഡ്യൂട്ടിയില്‍നിന്നു നീക്കി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമാമിലേക്കു പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് (ഐഎക്‌സ് 385) തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു അടിയന്തര ലാൻഡിങ്ങിനായി തിരിച്ചുവിട്ട വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് ലാന്‍ഡിങ് നടത്തിയത്. ഇതിനായി വിമാനം 11 തവണ ചുറ്റിപ്പറന്നു. കോഴിക്കോട് മൂന്ന് തവണയും തിരുവനന്തപുരത്ത് 8 തവണയുമാണ് ചുറ്റിപ്പറന്നത്.