ജറുസലേം: ഇസ്രാഈൽ വിമാനങ്ങൾക്ക് ഒമാനും വ്യോമ പാത തുറന്നു നൽകി.
ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ഓവർ ഫ്ലൈയിംഗിനായി അതോറിറ്റിയുടെ ആവശ്യകതകള്‍ നിറവേറ്റുന്ന എല്ലാ കാരിയറുകള്‍ക്കും തുറന്നു നല്‍കുന്നതായി സിവില്‍ ഏവിയേഷന്‍ ട്വീറ്റ് ചെയ്തു.
ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ സമയം കുറയ്ക്കുന്നതിനായുള്ള നീക്കത്തിന്റെ ഭാഗമായാണ് ഒമാന്‍, ഇസ്രയേൽ വിമാനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത്.
അതേസമയം, ഒമാന്‍ നന്ദി അറിയിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹന് രംഗത്തെത്തി. ഇസ്രയേൽ സമ്പദ് വ്യവസ്ഥക്കും സഞ്ചാരികള്‍ക്കും ഇത് ചരിത്രപരവും സുപ്രധാനവുമായ തീരുമാനമാണെന്നു അദ്ദേഹം വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.




