റിയാദ്: ജീവനക്കാരുടെ സേവന-വേതന കരാറുകൾ സ്വകാര്യസ്ഥാപനങ്ങൾ ‘ഖിവ’ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തണമെന്ന് വീണ്ടും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
തൊഴിലുടമയുടെയും ജീവനക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിലാളിയുടെ ജോലിസ്ഥിരതയും ഉൽപാദനക്ഷമതയും വർധിപ്പിക്കുന്നതിനും അനുയോജ്യമായ തൊഴിലന്തരീക്ഷം ഒരുക്കാൻ സഹായിക്കുന്നതിനാണ് ഈ നടപടി.
രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടുമാണ് ഓൺലൈൻ സംവിധാനത്തിലൂടെ കരാർ രജിസ്റ്റർ ചെയ്യാനും അപ്ലോഡ് ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടത്. തൊഴിൽനിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കൽ, കരാർ ഡേറ്റയുടെ സാധുത ഉറപ്പുവരുത്തൽ, തർക്കങ്ങളും തൊഴിൽപ്രശ്നങ്ങളും കുറയ്ക്കൽ എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.




