റിയാദ്: സഊദിയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് അധ്യയന വർഷത്തിന് ഇടയ്ക്ക് വച്ച് ഫീസ് വർധിപ്പിക്കാൻ കഴിയില്ല. ട്യൂഷൻ ഫീസ് ഒരു വർഷം മുമ്പ് നിശ്ചയിക്കേണ്ടത് നിർബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബെനിയൻ അംഗീകരിച്ച സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് നിയന്ത്രണങ്ങളിൽ ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചട്ടങ്ങൾ അനുസരിച്ച്, സ്വകാര്യ സ്കൂളുകൾ മന്ത്രാലയത്തിന്റെ സ്വകാര്യ വിദ്യാഭ്യാസ പോർട്ടലിലൂടെ ട്യൂഷൻ ഫീസിന്റെ തുക, പുതിയ ഫീസ് പ്രാബല്യത്തിൽ വരുന്ന തീയതി, ഫീസിൽ വരുത്തിയ എന്തെങ്കിലും മാറ്റങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്യണം. സ്‌കൂളുകൾ ട്യൂഷൻ ഫീസ് നിശ്ചയിക്കുകയും അധ്യയന വർഷം ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പ് പോർട്ടലിൽ റജിസ്റ്റർ ചെയ്യുകയും വേണം. ആ കാലയളവിനു ശേഷമുള്ള ഫീസിൽ എന്തെങ്കിലും ഭേദഗതി വരുത്താൻ അനുവദിക്കില്ല.
വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ വെബ്‌സൈറ്റിൽ സ്‌കൂളുകൾക്കായുള്ള ട്യൂഷൻ ഫീസിന്റെ പട്ടിക പ്രസിദ്ധീകരിക്കും. ട്യൂഷൻ ഫീസിന്റെ തുകയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കമുണ്ടായാൽ അത് റഫറൻസായിരിക്കും. നേരത്തെ മന്ത്രിസഭാ തീരുമാനപ്രകാരം പുറപ്പെടുവിച്ച സ്വകാര്യ സ്കൂളുകളിലെ ട്യൂഷൻ ഫീസ് നിയന്ത്രിക്കുന്ന ചട്ടങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ അനുസരിച്ച് ഈ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സ്കൂളുകൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.




