മുസ്‌ലിം എന്നത് ഹിന്ദു എന്നതിൻ്റെ വിപരീത പദമല്ല: തൊടിയൂർ മുഹമ്മദു കുഞ്ഞു മൗലവി

0
1147

ജിദ്ദ: വൈവിധ്യങ്ങളായ ആചാരാനുഷ്ഠാനങ്ങളുടെ ഒത്തുചേരലാണ് ശരിയായ ഭാരതിയ സംസ്കാരമെന്നും ഭരണഘടന പൗരനു വകവെച്ചു നൽകിയ അവകാശവുമാണതെന്നും മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദു കുഞ്ഞു മൗലവി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കൾക്ക് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ ജിദ്ദ ഘടകം ഒരുക്കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഷറഫുദ്ദിൻ ബാഖവി ചങ്കപ്പാറയുടെ അധ്യക്ഷതയിൽ ഷറഫിയ്യ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ കൂടിയ യോഗം സമസ്ത ഇസ്‌ലാമിക് സെൻ്റ സഊദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് ഉബൈദുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു.

മത അദ്ധ്യാപനങ്ങളിലും ദർശനങ്ങളിലും വിയോജിപ്പും വിമർശനങ്ങളും ഒക്കെ ഉണ്ടെങ്കിലും പൊതുവായി എല്ലാ മതങ്ങളും സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നതും പാരസ്പര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സന്ദേശം വിശ്വാസികൾക്കു നൽകുന്നതുമാണ്. മനുഷ്യർ തമ്മിലുള്ള അകൽച്ചകൾ ഇല്ലാതാക്കാൻ പര്യാപ്തമായ നിലയിൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിച്ച വർത്തമാന കാലത്ത് വേണ്ടതു പോലെ അവ കൈകാര്യം ചെയ്തു മതദർശനങ്ങളുടെ തനതായ രൂപം വിശ്വാസികളിൽ എത്തിക്കാനാണ് നാം ശ്രമിക്കേണ്ടത്. ദൗർഭാഗ്യവശാൽ വിപരീത ഫലമാണ് നിലവിൽ കണ്ടുവരുന്നതെന്നും
അധികാരവും ആയുധവും അനുകൂല സാഹചര്യങ്ങളും സർവ്വവിധ സന്നാഹങ്ങളും ഉള്ളതോടൊപ്പം എണ്ണൂറു വർഷം മുസ്‌ലിം ഭരണാധികാരികൾ ഇന്ത്യ ഭരിച്ചിട്ടും സഹോദര സമുദായത്തിൽ നിന്നും ഒരാളെ പോലും അവർ നിർബന്ധിത മതപരിവർത്തനം നടത്താതിരുന്നത് പരിശുദ്ധ ഇസ്‌ലാം അവർക്കു നൽകിയ ദിശാബോധം ഒന്നുകൊണ്ടു മാത്രമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ഇതേ പ്രത്യയശാസ്ത്രത്തിൻ്റെയും അധ്യാപനങ്ങളുടേയും വാഹകരും പ്രചാരകരും ഒപ്പം തന്നെ ഈ രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുമായ ഒരു വിഭാഗത്തിൻ്റെ നാമമായ മുസ്‌ലിം എന്നതിനെയാണ് ഹിന്ദു എന്നതിൻ്റെ വിപരീത പദമായി ചിലർ പ്രദർശിപ്പിക്കുന്നതും നുണക്കഥകൾ മിനഞ്ഞ് തെളിവായി സ്ഥാപിക്കാൻ തുനിയുന്നതുമെന്നും അദ്ദേഹം കൂട്ടിചേർത്തു. മുസ്‌ലിം ഭരണാധികാരികൾ രാജ്യത്തിന് സമ്മാനിച്ച മഹത്തായ അടയാളങ്ങളുടെ പേരുകൾ വക്രീകരിച്ച് മറ്റുള്ളവരുടെ സംഭാവനകൾ എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ധേഹം പറഞ്ഞു .

പ്രവാസത്തിൻ്റെ പ്രയാസമനുഭപ്പെടുന്നവർക്ക് ആവശ്യമാകുമ്പോൾ അർഹമായ പരിഗണനയും പരിരക്ഷയും ലഭ്യമാകണമെങ്കിൽ മതവിജ്ഞാനം ലഭിച്ച മക്കൾ ഉണ്ടായേ മതിയാകൂ എന്നും അതിൽകൂടി മാത്രമാണ് മാതാപിതാക്കളെ വൃദ്ധസദനങ്ങൾ പോലുള്ളിടത്ത് കൊണ്ടു തള്ളുന്നതിൽ നിന്നും സമുദായത്തെ തടഞ്ഞു നിർത്തുന്നതെന്നും ദക്ഷിണ കേരളാ വിദ്യഭ്യാസ ബോർഡ് ചെയർമാൻ എ കെ ഉമർ മൗലവി മുട്ടക്കാവ് പറഞ്ഞു.

ശാന്തി സമധാനം വിളയാടുന്ന നല്ല നാളേക്കു വേണ്ടി പണിപ്പെട്ട ഇതിഹാസ പുരുഷന്മാരുടെ പേരിൽ ഒത്തുകൂടുമ്പോൾ അവരിലെ നന്മകൾ പ്രചരിപ്പിക്കുകയും പ്രാവർത്തികമാക്കുകയുമാണ് യതാർഥത്തിൽ അവരെ സ്നേഹിക്കുന്നു എന്നു പറയുന്നവർ അനുവർത്തിക്കേണ്ടത്. അതിനു പകരം വ്യവസ്ഥാപിതമായ ഒരു ജീവിതക്രമത്തെ തകർത്തു തരിപ്പണമാക്കുന്ന അവസ്ഥക്കാണു വർത്തമാന ഇന്ത്യ സാക്ഷ്യമാകുന്നത് എന്നു ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി കെ എച്ച് മുഹമ്മദു മൗലവി തോന്നക്കൽ പറഞ്ഞു.

ജിദ്ദ ഹജ്ജ് വെൽഫെയർഫോറം ചെയർമാൻ നസീർ വാവാ കുഞ്ഞ്, അജ്‌വ ജിദ്ദ കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് ജമാലുദ്ദിൻ മൗലവി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

മസ്ഊദ് മൗലവി ബാലരാമപുരം, സിദ്ദീഖ് മദനി എന്നിവർ തൊടിയൂർ മുഹമ്മദു കുഞ്ഞു മൗലവിയെയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി തോന്നക്കൽ കെ എച്ച് മുഹമ്മദ് മൗലവിയെ കെ എം ജെ എഫ് ജിദ്ദ പ്രസിഡന്റ് ശറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ മുൻ ജനറൽ സെക്രട്ടറി ദലിപ് ഉസ്മാൻ താമരക്കുളം എന്നിവരും ദക്ഷിണ കേരളാ വിദ്യഭ്യാസ ബോർഡ് ചെയർമാൻ മുട്ടക്കാവ് എ കെ ഉമർ മൗലവിയെ അബ്ദുൽ ലതീഫ് മൗലവി കറ്റാനം, ജമാലുദ്ദീൻ അഷ്‌റഫി എന്നിവരും ഷാൾ അണിയിച്ച് ആദരിച്ചു. കെ എം ജെ എഫ് ജിദ്ദ ജനറൽ സെക്രട്ടറി വിജാസ് ഫൈസി ചിതറ സ്വാഗതവും ട്രഷറർ സെയ്ദ് മുഹമ്മദ് അൽ കാശിഫി നന്ദിയും പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക