നാടുകടത്തിയ വിദേശികൾ വീണ്ടും വ്യാജ പാസ്പോർട്ടിൽ; കഴിഞ്ഞ വർഷം പിടിയിലായത് 530 പേർ

0
1392

കുവൈത്ത്‌: നാടുകടത്തിയ 530 വിദേശികൾ 2022ൽ വ്യാജ പാസ്പോർട്ടിൽ
കുവൈത്തിൽ തിരിച്ചെത്തി പിടിയിലായി. 120 വനിതകൾ ഉൾപ്പെടെ പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഏഷ്യൻ രാജ്യക്കാരാണ്. വിരലടയാള പരിശോധനയിലാണ് പേരു മാറ്റി വ്യാജ പാസ്പോർട്ടുകളിലാണ് ഇവർ തിരിച്ചെത്തിയതെന്ന്  ബോധ്യമായത്.

2011ന് മുൻപ് ഇത്തരത്തിൽ കുവൈത്തിൽ എത്തിയാലും പിടിക്കപ്പെട്ടിരുന്നില്ല. വിരലടയാളം ഉൾപ്പെടെ ശേഖരിച്ച് സുരക്ഷാ നിയമം കർശനമാക്കിയതോടെ നിയമലംഘകരായ നൂറുകണക്കിന് ആളുകൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാടുകടത്തപ്പെട്ടവർ മറ്റു ജിസിസി രാജ്യങ്ങളിലേക്കു പ്രവേശിക്കുന്നതു കണ്ടെത്താനുള്ള സംവിധാനവും സജ്ജമാക്കിവരുന്നു.

ഗൾഫ് ക്രിമിനൽ എവിഡൻസ് ടീമിൽ വ്യക്തിഗത വിവരങ്ങളും ഫോട്ടോയും ജിസിസി രാജ്യങ്ങൾക്ക് ലഭ്യമാകുംവിധം ശേഖരിച്ചുവയ്ക്കും. അതാതു രാജ്യത്തെ അതിർത്തി കവാടത്തിലെ ഉദ്യോഗസ്ഥർക്ക് വിവരം ഒത്തുനോക്കി നിയമലംഘകരെ കണ്ടെത്താം. പിടികിട്ടാപ്പുള്ളികളെയും യാത്രാവിലക്കു നേരിടുന്നവരെയും ഇങ്ങനെ അറിയാനാകും. നിയമലംഘകരെ 3 സെക്കന്റിനകം തിരിച്ചറിയാൻ പുതിയ സംവിധാനത്തിനു സാധിക്കുമെന്നതാണ് പ്രത്യേകത.