റിയാദ്: സഊദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസഡര്‍ ആയി ഡോ: സുഹൈല്‍ അജാസ് ഖാന്‍ ചുമതലയേറ്റു. സഊദി വിദേശകാര്യ മന്ത്രി ഹിസ് ഹൈനസ് പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരനെ പ്രതിനിധീകരിച്ച് പ്രോട്ടോക്കോൾ അഫയേഴ്സ് ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രി അബ്ദുൽമജീദ് അൽ സ്മാരി റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പുതിയ അംബാസഡർ റിയാദിലെ മന്ത്രാലയ ഓഫീസിൽ സ്വീകരിച്ചു. സഊദി അറേബ്യയിൽ ഇനി മുതൽ അജാസ് ഖാൻ തന്റെ ദൗത്യവുമായി മുന്നേറും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്ന പ്രവർത്തനങ്ങളായിരിക്കും അംബാസിഡർ കാഴ്ച വെക്കുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടിക്കാഴ്ചയിൽ, പ്രോട്ടോക്കോൾ കാര്യങ്ങളുടെ ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രിക്ക് സഊദിയിലെ ഇന്ത്യയുടെ അംബാസഡർ എന്ന നിലയിലുള്ള യോഗ്യതാപത്രങ്ങളുടെ പകർപ്പ്, രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന് സമർപ്പിക്കുന്നതിനായി കൈമാറി. സഹകരണ ബന്ധങ്ങൾ ഏകീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും അവയെ വിശാല മേഖലകളിലേക്ക് ഉയർത്തുന്നതിലും വിജയിക്കുന്നതിന് വിദേശകാര്യ മന്ത്രിയുടെ ആശംസകൾ ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രി ഡോ:അജാസ് ഖാന് കൈമാറി.
ഇന്നലെ ഡൽഹിയിൽ നിന്ന് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍. റാം പ്രസാദ് സ്വീകരിച്ചു. റിപ്പബ്ലിക്ദിനാഘോഷത്തിന്റെ ഭാഗമായി എംബസിയിൽ നടക്കുന്ന പരിപാടിയായിരിക്കും അദേഹത്തിന്റെ ആദ്യ ഔദ്യോഗിക പരിപാടി.
റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്ന അംബാസഡർ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. സഊദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ആയി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സുഹൈല്‍ അജാസ് ഖാനെ നിയമിച്ചത്. ലെബനോണിലെ ഇന്ത്യന്‍ സ്ഥാനപതിയായിരിക്കെയാണ് സഊദിയിലേക്ക് മാറ്റം.
റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി 28 ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കും സഊദി ഉന്നത വ്യക്തിത്വങ്ങൾക്കും ക്ഷണിക്കപ്പെട്ട സാമൂഹിക പ്രതിനിധികൾക്കുമായി ഒരുക്കുന്ന അത്താഴ വിരുന്നിലും അംബാസഡർ ആതിഥേയത്വം വഹിക്കും.
ഈ വർഷം മാർച്ചിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് കിഴക്കൻ മേഖല സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ച് ഡൽഹിയിലെ മന്ത്രാലയത്തിലേക്ക് പോയ ശേഷം പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദാണ് പകരം ചുമതല വഹിച്ചു പോന്നിരുന്നത്. പുതിയ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ് ഖാന്റെ സഊദിയിലെ മൂന്നാമത്തെ ഊഴമാണിത്. ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഇൻഡോർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം 1997 ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേരുകയായിരുന്നു. ആദ്യ നിയമനം കെയ്‌റോയിലെ ഇന്ത്യൻ എംബസിയിലായിരുന്നു. 1999-2001 കാലഘട്ടത്തിൽ എംബസിയിലെ മറ്റ് ചുമതലകൾക്ക് പുറമെ അറബി ഭാഷയിൽ അഡ്വാൻസ്ഡ് ഡിപ്ലോമയും നേടി. പിന്നീട് സിറിയയിലെ ഇന്ത്യൻ എംബസിയിൽ സേവനമനുഷ്ഠിച്ചു.
2002-2005 കാലഘട്ടത്തിൽ അഡ്മിനിസ്‌ട്രേഷൻ, പ്രസ്സ്, പൊളിറ്റിക്കൽ അഫയേഴ്‌സ് എന്നിവയും കൈകാര്യം ചെയ്തു. 2005-2008 ലാണ് ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ കോൺസൽ ആയി സഊദിയിൽ എത്തിയത്. ഇക്കാലയളവിൽ ഹജ് കാര്യങ്ങളും ഇന്ത്യൻ തീർഥാടകർക്കുള്ള ഹജ് ക്രമീകരണങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു.
2008-2009 ൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പശ്ചിമ ഏഷ്യ നോർത്ത് ആഫ്രിക്ക വിഭാഗത്തിൽ ഡെപ്യൂട്ടി സെക്രട്ടറി, 2009-2011 ൽ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ വിസ കോൺസുലർ, 2011 – 2013 ൽ അന്നത്തെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്റെ ഓഫീസ് ഡയറക്ടർ, 2013 – 2017 ൽ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി, യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എന്നിവയിൽ ഇന്ത്യൻ പ്രതിനിധികളുടെ ഭാഗമായും സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ ഇന്ത്യൻ എംബസിയിലും സ്ഥിരം മിഷനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി വിയന്നയിലേക്കും മാറിയിരുന്നു. ഭാര്യ റിഫാത്ത് ജബീൻ ഖാൻ അന്തർദേശീയ, യുഎൻ സംഘടനകളിൽ ദീർഘകാലമായി പ്രവർത്തിച്ച പരിചയമുണ്ട്. രണ്ടു മക്കളുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




