റിയാദ്: സർക്കാർ ഫീസുകൾ അടക്കൽ ഉൾപ്പെടെയുള്ള 11 പുതിയ സേവനങ്ങൾ കൂടി അബ്ശിറിൽ ഉൾപ്പെടുത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
കരാതിർത്തി പോസ്റ്റുകൾ വഴി വിദേശത്തേക്ക് പോകാനുള്ള സാധ്യത പരിശോധിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള അബ്ശിർ ട്രാവൽ സേവനം, വ്യക്തികൾക്കു കീഴിലെ വാഹന മോഷണങ്ങളെ കുറിച്ച പരാതികൾ നൽകൽ, പുതിയ പാസ്പോർട്ടിനും പാസ്പോർട്ട് പുതുക്കാനുമുള്ള ഫീസുകൾ അടക്കമുള്ള സേവനങ്ങളാണ് പുതുതായി ആരംഭിച്ചത്.
സഊദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പോകാൻ വേണ്ടി കോസ്വേയിലെ ജവാസാത്ത് വിഭാഗത്തിൽ എത്തുന്നതിനു മുമ്പായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കം വാഹനത്തിലുള്ള മുഴുവൻ യാത്രക്കാരുമായും ബന്ധപ്പെട്ട വിവരങ്ങൾ മുൻകൂട്ടി സമർപ്പിക്കാനും അബ്ശിർ ട്രാവൽ സേവനം സ്വദേശികൾക്കും വിദേശികൾക്കും അവസരമൊരുക്കുന്നു.
പുതിയ ഇഖാമ, ഇഖാമ പുതുക്കൽ, റീ-എൻട്രി, ഫൈനൽ എക്സിറ്റ് അടക്കം 350 ലേറെ സേവനങ്ങൾ അബ്ശിർ വഴി നൽകുന്നു. 2.6 കോടിയിലേറെ ഡിജിറ്റൽ ഐ.ഡി ഉടമകൾ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ദിവസേന ശരാശരി 60,000 ലേറെ സേവനങ്ങൾ അബ്ശിർ വഴി സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നതായാണ് കണക്ക്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങൾ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സുരക്ഷിതമായും എളുപ്പത്തിലും സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സ്വദേശികളെയും വിദേശികളെയും അബ്ശിർ സഹായിക്കുന്നു.




