സഊദിയില്‍ പുതിയ വിസയിലെത്തിയവരിൽ പലർക്കും പുറത്തിറങ്ങാനാകുന്നില്ല, പുതിയ വിസയിൽ വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ

0
9132

റിയാദ്: സഊദി അറേബ്യയിൽ പുതിയ തൊഴില്‍ വിസയില്‍ എത്തുന്നവരിൽ ചിലർക്ക് സഊദിയിലേക്ക് പ്രവേശനം സാധ്യമാകുന്നില്ലെന്ന് റിപ്പോർട്ട്. പുതിയ വിസയുടെ വിവരങ്ങള്‍ സഊദി എമിഗ്രേഷനില്‍ അപ്‌ഡേറ്റ് ആവാത്തതിനാലാണ് പലര്‍ക്കും വിമാനത്താവളങ്ങളില്‍ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തത് എന്നാണ് വിവരം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ പുതിയ വിസ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സിസ്റ്റത്തില്‍ കാണിക്കാത്തത് മൂലം നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഇവരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ പ്രശ്നം കണ്ടുവരുന്നുവെന്നും ഇതിൽ അകപ്പെട്ട പലരും ഒന്നോ രണ്ടോ ദിവസം വിമാനത്താവളത്തില്‍ കഴിഞ്ഞ ശേഷം നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രശ്നം തുടരുന്നതിനാൽ, നാട്ടില്‍ നിന്ന പുറപ്പെടുന്നതിന് മുമ്പ് തന്നെ വിസ വിവരങ്ങള്‍ സഊദി ജവാസാത്ത് സംവിധാനങ്ങളില്‍ അപ്‌ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കില്‍ അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അല്ലെങ്കില്‍ സഊദിയിലെത്തിയ ശേഷം പ്രവേശന എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാതെ വരും. ഇത്തരക്കാർക്ക് പിന്നീട് മടങ്ങുകയാണ് ഏക പോംവഴി. ഇതിനുള്ള റിട്ടേൺ ടിക്കറ്റ് തയ്യാറാക്കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

വിസകള്‍ സിസ്റ്റത്തില്‍ കാണിക്കാത്തവരെ ഒരിക്കലും കൗണ്ടര്‍ വിട്ട് സഊദിയിലേക്ക് പ്രവേശനം നൽകുകയില്ല. വിസകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നതിനാൽ അത് സഊദി ജവാസാത്തിന് സാധിക്കുകയുമില്ല. അതിനാലാണ് ഇത്തരക്കാരെ പിന്നീട് തിരിച്ചയക്കുന്നത്.

സമീപകാലത്ത് വ്യാപകമായ ഈ പ്രശ്നം മറികടക്കാൻ സഊദി ജവാസാത്തിന്റെ മുഖീം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയാണ് ഇതിനുള്ള ഏക പരിഹാരം. കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ മുഖീമില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിസ വിവരങ്ങള്‍ അപ്‌ഡേറ്റ് ആവുന്നില്ലെങ്കില്‍ സഊദി അറേബ്യയിലേക്കുള്ള യാത്ര റദ്ദ് ചെയ്യുന്നതാണ് ഉചിതമെന്ന് ട്രാവല്‍, വിസ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മുന്നറിയിപ്പ് നൽകുന്നു. പിന്നീട് ട്രാവല്‍സുകളുമായി ബന്ധപ്പെട്ട് മുംബൈ സഊദി കോണ്‍സുലേറ്റോ ഡല്‍ഹിയിലെ സഊദി എംബസിയോ വഴി വിസ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുകയും വീണ്ടും മുഖീം വഴി വിസ നമ്പര്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമേ സഊദി അറേബ്യയിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാവൂ എന്നാണ് മുന്നറിയിപ്പ്.

സഊദി വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ വിസ നമ്പർ എന്റർ ചെയ്യുന്നതോടെ വിസയുള്ള വ്യക്തിയുടെ പൂര്‍ണ വിവരങ്ങള്‍ സിസ്റ്റത്തില്‍ പ്രത്യക്ഷപ്പെടും. വിവരങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ അത്തരം വ്യക്തികളെ ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റി നാട്ടിലേക്ക് തിരിച്ചയക്കും. സഊദിയിലേക്ക് കൊണ്ടുവന്ന വിമാനക്കമ്പനിക്കാണ് ഇവരെ മടക്കി കൊണ്ടുപോകാൻ അനുമതിയുള്ളത്. മറ്റു വിമാനകമ്പനികൾക്ക് അനുമതി ഇല്ലാത്തതിനാൽ ഇതേ വിമാന കമ്പനിയുടെ ടിക്കറ്റ് ലഭിക്കാനായി ചിലപ്പോൾ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക