ജിദ്ദ : ജിദ്ദ – ഏറനാട് മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ. പി. വി മനാഫിന് സ്വീകരണം നൽകി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് എം. കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
നമ്മൾ നമ്മുടെ ചരിത്രം ശരിയായ രീതിയിൽ ആഴത്തിൽ പഠിക്കാനും ചരിത്ര ശേഷിപ്പുകൾ നശിക്കാതെ സൂക്ഷിക്കാനും തയ്യാറകണമെന്ന് അഡ്വ. പി. വി മനാഫ് പറഞ്ഞു. മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് ‘വാഗൺ ട്രാജഡി’. യഥാർത്തത്തിൽ അത് ട്രാജഡിയല്ല ‘വാഗൺ കൂട്ടക്കൊല’ യാണെന്ന് അദ്ദേഹം വിശദീകരിച്ചു. നമ്മൾ ഉണ്ടാക്കുന്ന സ്മാരകത്തിൽ അങ്ങിനെ എഴുതുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂക്കോട്ടൂരിൽ മലബാർ കലാപവുമായി ബെന്ധപ്പെട്ടോ വാഗൺ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടോ ചരിത്ര ശേഷിപ്പോ സ്മാരകങ്ങളോ ഇല്ല എന്നത് ഖേദകരമാണ്. അതിന് ഒരു ചെറിയ പരിഹാരം എന്ന നിലക്ക് ജില്ല പഞ്ചയാത്തിൽ നിന്ന് ഒരു കോടി അനുവദിക്കാനായതിൽ സന്തോഷവാനാണ് എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ഏറനാട് മണ്ഡലം തല സാമുഹിക സുരക്ഷ സ്കീം ഉദ്ഘാടനം അഡ്വ. പി. വി മനാഫ് എടവണ്ണ പഞ്ചയാത്ത് കെ എം സി സി ഭാരവാഹി ഹബീബ് കാഞ്ഞിരാലക്ക് നൽകി നിർവഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ജിദ്ദ- മലപ്പുറം ജില്ല കെ എം സി സി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, സുൽഫീക്കർ ഒതായി, മണ്ഡലം – പഞ്ചയാത്ത് കെഎംസിസി ഭാരവാഹികളായ മൊയ്ദീൻ കുട്ടി കാവനൂർ, അലി കീഴുപറമ്പ്, അബൂബക്കർ കെ. സി പള്ളിമുക്ക്, അബ്ദു റഹിമാൻ തങ്ങൾ, റഷീദ് എക്കാപറമ്പ് എന്നിവർ ആശംസ പ്രസംഗം നടത്തി.
സുനീർ എക്കാപറമ്പ് ഖിറാഅത് നടത്തി. ഏറനാട് മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി സൈതലവി കുഴിമണ്ണ സ്വാഗതവും മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു




