ദോഹ: മത്സരം ചൂടുപിടിക്കും മുമ്പ് രണ്ടാം മിനിറ്റില്‍ തന്നെ വലകുലുക്കി കാനഡ, ക്രൊയേഷ്യയെ ഒന്ന് ഞെട്ടിച്ചു. എന്നാല്‍ രണ്ടാം മിനിറ്റില്‍ കിട്ടിയ ആ കൊട്ട് ക്രൊയേഷ്യയെ ഉണര്‍ത്തി. പിന്നീട് എണ്ണം പറഞ്ഞ നാല് ഗോളുകള്‍ കാനഡയുടെ വലയിലേക്ക് അടിച്ചുകയറ്റി ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കിയ ശേഷമാണ് മോഡ്രിച്ചും സംഘവും ഖലീഫ സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തു നിന്ന് തിരികെ കയറിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരട്ട ഗോളുകളുമായി തിളങ്ങിയ ആന്ദ്രേ ക്രാമറിച്ചും രണ്ട് ഗോളിനും വഴിയൊരുക്കിയ ഇവാന്‍ പെരിസിച്ചും ടീമിനായി തിളങ്ങിയപ്പോള്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് കാനഡയെ തകര്‍ത്ത് ക്രൊയേഷ്യ. ഈ തോല്‍വിയോടെ കാനഡ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.
ക്രൊയേഷ്യ മത്സരത്തില്‍ നിലയുറപ്പിക്കും മുമ്പു തന്നെ വലയില്‍ കാനഡയുടെ ഗോളെത്തിയിരുന്നു. ടയോണ്‍ ബുക്കാനന്റെ ക്രോസ് കിടിലനൊരു ഹെഡറിലൂടെ അല്‍ഫോണ്‍സോ ഡേവിസ് വലയിലെത്തിക്കുമ്പോള്‍ മത്സരം രണ്ടാം മിനിറ്റിലേക്ക് കടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.
എന്നാല്‍ ഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ക്രൊയേഷ്യ 36-ാം മിനിറ്റില്‍ ക്രാമറിച്ചിലൂടെ ഒപ്പമെത്തി. മികച്ച പ്രെസ്സിങ് ഗെയിം പുറത്തെടുത്ത ക്രൊയേഷ്യന്‍ സംഘം കാനഡ ബോക്‌സില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കെയാണ് ഗോളിന്റെ വരവ്. ഇടത് ഭാഗത്ത് സ്ഥലം കണ്ടെത്തി ഇവാന്‍ പെരിസിച്ച് നീട്ടിയ പാസ് ക്രാമറിച്ച് വലയിലെത്തിക്കുകയായിരുന്നു.
നേരത്തെ 26-ാം മിനിറ്റില്‍ റിക്കി ലാറിയയേയും കമാല്‍ മില്ലറെയും മറികടന്ന് ക്രാമറിച്ച് പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്‌സൈഡായിരുന്നു. ഈ ഗോളിനായുള്ള ബില്‍ഡ് അപ്പിന്റെ സമയത്ത് മാര്‍ക്കോ ലിവായ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നതാണ് കാരണം.
ആദ്യ ഗോളിനു പിന്നാലെ വീണ്ടും ആക്രമണം ശക്തമാക്കിയ ക്രൊയേഷ്യ 44-ാം മിനിറ്റില്‍ ലീഡെടുത്തു. ജോസിപ് യുറാനോവിച്ചിന്റെ മികച്ചൊരു അറ്റാക്കിങ് റണ്ണാണ് ഗോളിന് വഴിയൊരുക്കിയത്. ഈ ശ്രമം പെനാല്‍റ്റി ഏരിയയില്‍ കാനഡ താരം കമാല്‍ മില്ലര്‍ ഒരു ടാക്കിളിലൂടെ തടഞ്ഞെങ്കിലും ഇതിനിടെ പന്ത് ലഭിച്ച മാര്‍ക്കോ ലിവായ സമയമൊട്ടും പാഴാക്കാതെ അത് വലയിലെത്തിച്ചു.
തുടര്‍ന്ന് 70-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ഗോള്‍ കണ്ടെത്തിയ ക്രാമറിച്ച് ക്രൊയേഷ്യയുടെ വിജയം ഉറപ്പിച്ചു. ഇത്തവണയും പെരിസിച്ചിന്റെ അളന്നുമുറിച്ച പാസാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നാലെ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ലോവ്‌റോ മേയര്‍ ക്രൊയേഷ്യയുടെ ഗോള്‍പട്ടിക തികച്ചു.
കാനഡ ഗോള്‍കീപ്പര്‍ മിലന്‍ ബോര്‍ഹന്റെ തകര്‍പ്പന്‍ സേവുകളാണ് കാനഡയെ കൂടുതല്‍ ഗോള്‍വഴങ്ങാതെ കാത്തത്. 54-ാം മിനിറ്റില്‍ മോഡ്രിച്ചിന്റെ ക്രോസില്‍ നിന്നുള്ള ക്രാമറിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ബോര്‍ഹന്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. 79-ാം മിനിറ്റില്‍ നാല് ക്രൊയേഷ്യന്‍ താരങ്ങള്‍ ചേര്‍ന്ന ഗോളവസരവും ബോര്‍ഹന്‍ രക്ഷിച്ചെടുക്കുകയായിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




