ജിദ്ദ: റിയാദിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന ഇരുപത്തിയെട്ടാമത് ആഷ്ടെൽ സംഗമം സോക്കർ 2022 & ഡഫൊഡിൽസ് ഇൻറ്റർ സ്കൂൾ ടൂർണമെൻറ് സീസൺ 2 മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും. കല്ലുമൽ എഫ്. സി യും അവുത്തത്തെ എഫ്. സി യും തമ്മിലാണ് ഫൈനൽ.
ഒരു മാസത്തിലധികമായി നീണ്ടു നിന്ന കായികമാമാങ്കം ഇന്ന് സമാപിക്കുകയാണ്. സംഗമം സോക്കർ എന്നാൽ കേവലം ഫുട്ബാൾ മത്സരം മാത്രമല്ല, ടീം ഫോർമേഷൻ മുതൽ തുടങ്ങുന്ന സൽക്കാരങ്ങളുടെയും ഒത്തു ചേരലുകളുടെയും ആഘോഷമാണ്. ടൂർണമെൻറ് നടക്കുന്ന ആഴ്ചകളിലെ വ്യാഴാഴ്ചകളിലും സംഗമം കുടുംബിനികളുടെ വക വിഭവ സമൃദ്ധമായ ഡിന്നറുകളും ഗ്രൗണ്ടിൽ വിളമ്പുന്ന കോഴിക്കോടെൻ പലഹാരങ്ങളുടെയും ബിരിയാണിയുമുൾപ്പെട്ട മൊത്തത്തിൽ ആഘോഷ പ്രതീതിയാണ് കാണികൾക്ക് സമ്മാനിച്ചിരുന്നത്. ഇന്നത്തെ ആവേശകരമായ ഫൈനൽ മത്സരത്തോടെ ഒരു മാസം നീണ്ടു നിന്ന ഫുട്ബോൾ മാമാങ്കത്തിന് തിരശീല വീഴും.




