ജിദ്ദ : പൂക്കളവും പുലിക്കളിയും ആർപ്പു വിളികളുമായി ജിദ്ദ – കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ. ഡി. പി. എ ) സംഘടിപ്പിച്ച ഓണാഘോഷം അവിസ്മരണീയമായി. സഊദി ദേശീയ ദിനത്തിൽ കെ. ഡി. പി. എ അംഗങ്ങൾ തന്നെ വീടുകളിൽ നിന്ന് തയാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ട് സംഘടിപ്പിച്ച വിഭവ സമൃദ്ധമായ ഓണ സദ്യക്കു ശേഷം പ്രാർഥന ഗാനത്തിനൊപ്പം സഊദി ദേശീയ ഗാനവും ആലപിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. വിവിധ കലാ പരിപാടികളും നാടൻ മത്സരങ്ങളും വടം വലിയും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പ്രസിഡന്റ് ദാസ്‌മോൻ തോമസ് അധ്യക്ഷത വഹിച്ചു. ചെയർമാൻ നിസാർ യൂസുഫ് ഓണ സന്ദേശം നൽകി.
സിനു തോമസ് മാവേലിയായി വേഷമണിഞ്ഞു. “ആർപ്പോ, ഇർറോ” വിളികളുമായി സദസ്സ് മാവേലിക്ക് ആവേശകരമായ സ്വീകരണം നൽകി. സദസ്യരുടെ ചോദ്യങ്ങൾക്ക് നർമത്തിൽ ചാലിച്ച മറുപടി നൽകി മാവേലി സദസ്യരുടെ കൈയടി നേടി. നാട്ടിലെ റോഡുകളിലെ കുണ്ടും കുഴികളും തെരുവു നായ പ്രശ്‌നവുമെല്ലാം ചോദ്യങ്ങളായി മാവേലിക്ക് നേരെ ഉന്നയിക്കപ്പെട്ടു.
വിനീഷ മനീഷ്, അഞ്ജലി പ്രശാന്ത്, പാർവതി അനിൽ, ലക്ഷ്മിപ്രിയ പ്രസൂൺ, ദ്രിയ ദാസ്‌മോൻ, കാതറിൻ ജേക്കബ് എന്നിവർ തിരുവാതിരയും അരവിന്ദ് പ്രസൂൺ, ആകർശ് മഹേഷ്, അക്ഷയ് പ്രശാന്ത്, ഇഷാൻ അനീസ്, അക്ഷയ് മഹേഷ്, യോഹാൻ സിനു എന്നിവർ ചേർന്ന് പുലിക്കളിയും അവതരിപ്പിച്ചു. വിവേക് ജി. പിള്ള, നിസാർ യൂസുഫ്, റഫീഖ് പി. ലബ്ബ, സിദ്ദീഖ് അബ്ദുൽ റഹീം, പ്രസൂൺ ദിവാകരൻ, വിനീഷ മനീഷ്, അഷ്‌ന തൻസിൽ, സുരേഖ പ്രസൂൺ, അഞ്ജലി പ്രശാന്ത്, ഫസ്മി ഫാത്തിമ എന്നിവർ ചേർന്ന് ഓണപ്പാട്ട് അവതരിപ്പിച്ചു. ജോഷി സേവ്യർ, അഭിലാഷ്, അനിൽ നായർ, ഷാന്റി എന്നിവരും ഗാനങ്ങൾ ആലപിച്ചു. നഈം നിസാർ, ഇഷാൻ മുഹമ്മദ് അനീസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ഉപകരണ സംഗീതം ശ്രദ്ധേയമായിരുന്നു. ഹനാൻ സിനു, ജോവാന സിനു എന്നിവരുടെ നൃത്തവും വിനീഷ മനീഷ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസും ഹൃദ്യമായി.
മികച്ച ‘മലയാളം കുടുംബം’ മത്സരത്തിൽ മനീഷ് പി. എം & വിനീഷ ദമ്പതികൾ സ്വർണ നാണയത്തിന് അർഹരായി. അജ്‌ന അൻവർ ലാൽ, നിസാർ യൂസുഫ്, അഞ്ജു ആഷിഷ് എന്നിവർ അടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിജയികളായ കുടുംബത്തെ തെരഞ്ഞെടുത്തത്. കോസ്റ്റിയൂമിനൊപ്പം ജഡ്ജിംഗ് പാനൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് നൽകിയ മികച്ച മറുപടികൾ കൂടി കണക്കിലെടുത്താണ് വിജയികളെ നിശ്ചയിച്ചത്.
മിഠായി പെറുക്കൽ, നാരങ്ങ സ്പൂൺ, സുന്ദരിക്ക് പൊട്ട് തൊടൽ, കലം തല്ലിപ്പൊട്ടിക്കൽ തുടങ്ങിയ വിവിധ മത്സരങ്ങൾക്കൊപ്പം നടന്ന ആവേശകരമായ വടം വലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഷൈജു ലത്തീഫ് & ടീമും വനിത വിഭാഗത്തിൽ ആഷ അനിൽ & ടീമും ജേതാക്കളായി. മുഴുവൻ അംഗങ്ങളേയും രണ്ട് വിഭാഗങ്ങളായി തിരിച്ച് നടത്തിയ മത്സരത്തിൽ ഷെജു ലത്തീഫ് & ടീം ഓവറോൾ ചാമ്പന്യമാരായി.
വിജയികൾക്കുള്ള സമ്മാനവും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള ഉപഹാരങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ വിതരണം ചെയ്തു. ഓവറോൾ ചാമ്പ്യന്മാർക്കുള്ള സമ്മാനം ചെയർമാൻ നിസാർ യൂസുഫ്, പ്രസിഡന്റ് ദാസ്‌മോൻ തോമസ് എന്നിവർ കൈമാറി.
അനിൽ നായർ, പ്രശാന്ത് തമ്പി, ദാസ്‌മോൻ തോമസ്, ബെന്നി തോമസ്, ദർശൻ മാത്യു, പ്രസൂൺ ദിവാകരൻ, ഫസിലി, ആഷാ അനിൽ, ആഷ്‌ന തൻസിൽ എന്നിവർ ഓണ സദ്യക്ക് നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ അനീസ് മുഹമ്മദിന്റെ നേതൃത്വത്തിൽ മനീഷ് കുടവെച്ചൂർ, കെ.എസ്.എ. റസാഖ്, സിനു തോമസ്, നിസാർ യൂസുഫ്, സിദ്ദിഖ് അബ്ദുറഹീം, സാജിദ് ഈരാറ്റുപേട്ട, ഷൈജു ലത്തീഫ്, നിഷ നിസാർ, ജെസി ദാസ്‌മോൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി അനിൽ നായർ സ്വാഗതവും ട്രഷറർ പ്രസൂൺ ദിവാകരൻ നന്ദിയും പറഞ്ഞു.




