ദുബൈ: സ്വാതന്ത്ര്യ ദിനത്തില്‍ കേരള തലസ്ഥാനത്ത് നിന്ന് തുടങ്ങിയ ഫായിസിന്റെ സൈക്കിള്‍ യാത്ര യു.എ.ഇയിലെത്തി. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് ആണ് പുതിയ ചരിത്രം കുറിക്കാനുള്ള യാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 450 ദിവസങ്ങൾക്കുള്ളിൽ 30,000 കിലോമീറ്റർ താണ്ടി 35 രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ചാണ് 34 കാരൻ 2024 ൽ ലക്ഷ്യസ്ഥാനത്തെത്തുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ യുവാവ് പുറപ്പെട്ടത്. ഒമാനില്‍ നിന്നാണ് അതിര്‍ത്തികടന്ന് യു.എ.ഇയില്‍ എത്തിയത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ യാത്ര ലണ്ടന്‍ ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. 450 ദിവസം പിന്നിടുമ്പോള്‍ ലണ്ടനിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറാനാകുമെന്നാണ് പ്രതീക്ഷ.

‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി ലോക രാജ്യങ്ങള്‍ പരസ്പര സ്‌നേഹത്തില്‍ വര്‍ത്തിക്കണമെന്ന സ്‌നേഹ സന്ദേശത്തോടെ ‘ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്’ എന്ന മുദ്രാവാക്യവുമായാണ് യാത്ര. ടീം എക്കോ വീലേഴ്‌സിന്റെ നേതൃത്വത്തില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ പിന്തുണയോടെയാണ് സൈക്കിള്‍ യജ്ഞം.

ഹൃദയാരോഗ്യം, ലോകസമാധാനം, ആരോഗ്യ സംരക്ഷണം, സീറോ കാർബൺ എമിഷൻ, സീറോ മരുന്നുകൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യങ്ങളോടെയുള്ള സാഹസിക യാത്ര ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

തന്റെ ഹീറോ ആയ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കാണുക ഫായിസിന്റെ ആഗ്രഹമാണ്. അദ്ദേഹത്തിന്റെ സാഹസിക വ്യക്തിത്വത്തിൽ നിന്ന് താൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടതായി യുവാവ് പറയുന്നു. സഊദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തെ കാണുമെന്ന് തന്നെയാണ് വിശ്വാസം. താൻ നേരത്തെ ജോലി ചെയ്ത സഊദിയിൽ രണ്ടു മാസം സൈക്കിൾ ചവിട്ടി രാജ്യത്തുടനീളം യാത്ര ചെയ്യും. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും സന്ദർശനം നടത്തുക പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ്.

കേരളത്തില്‍ തുടങ്ങിയ യാത്ര മുംബൈയിലെത്തിയ ശേഷം വിമാനമാര്‍മാണ് ഒമാനിലിറങ്ങിയത്. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് യു.എ.ഇയില്‍ എത്തുന്നത്. മൂന്നാഴ്ചയോളം ഫായിസ് യു.എ.ഇയിലുണ്ടാവും. യു.എ.ഇയില്‍ ഡി.എക്‌സ്.ബി റൈഡേഴ്‌സാണ് ഫായിസിന് അകമ്പടി സേവിക്കുന്നതും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതും.
ഏഴ് എമിറേറ്റുകളും പിന്നിട്ടായിരിക്കും യു.എ.ഇ പര്യടനം. 26 ന് ഫുജൈറയിലാണ് യാത്ര തുടങ്ങുന്നത്. ഖത്തര്‍, ബഹ്‌റെന്‍, കുവൈത്ത്, ഇറാഖ്, ഇറാന്‍, ജോര്‍ജിയ, തുര്‍ക്കി എന്നിവയാണ് അടുത്ത ലക്ഷ്യസ്ഥാനങ്ങള്‍. പാകിസ്താന്‍, ചൈന എന്നിവയുടെ വിസ ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങള്‍ ഒഴിവാക്കിയാണ് യാത്ര.

ഒമാനിൽനിന്നും സൈക്കിളിൽ യു.എ.ഇ, സഊദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, ജോർജിയ, തുർക്കി, അവിടെ നിന്ന് ബൾഗേറിയ, റുമേനിയ, മാൾഡോവ, യുെക്രയ്ൻ, പോളണ്ട്, ചെക്കേസ്ലാവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് എന്നിവിടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക.
അമേരിക്കന്‍ കമ്പനിയുടെ സര്‍ലേഡിസ്‌ക്ക് ട്രക്കര്‍ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. സഊദിയില്‍ നാലു വർഷം ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോയപ്പോഴാണ് ഫായിസിന് സൈക്കിൾ യാത്രാ മോഹമുദിച്ചത്. ഇലക്ട്രിക്കൽ എൻജിനീയർ ആയ ഇദ്ദേഹത്തിന് സഊദിയിൽ വിപ്രോയിലായിരുന്നു ജോലി.
തന്റെ യാത്ര ഫായിസ് മൂന്നു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. കുവൈത്ത് വരെയുള്ളതാണ് ആദ്യ ഘട്ടം. രണ്ടാമത്തേത് തുർക്കിയിലേയ്ക്ക്. അവിടെ നിന്ന് മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ടത്തിൽ യൂറോപ്പിലെത്തും. ആറു ജിസിസി രാജ്യങ്ങൾ സഞ്ചരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സഊദി അറേബ്യയിൽ നിന്നു ഖത്തറിലേക്കും ബഹ്‌റൈനിലേയ്ക്കും പോയാണ് കുവൈത്തിലെത്തുക. തുടർന്നാണ് ഇറാഖ്, ഇറാൻ, അസർബൈജാൻ, ജോർജിയ, തുർക്കി എന്നിവിടങ്ങളിലെത്തി ഗ്രീസ് വഴി യൂറോപ്പിൽ പ്രവേശിക്കുക.
വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വെച്ചാണ് സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങിയത്. സൈക്കിളിൽ നേരത്തേയും ഇദ്ദേഹം ഉലകം ചുറ്റിയിരുന്നു. വിപ്രോ കമ്പനിയിലെ ജോലി രാജിവെച്ച് 2019 ൽ കോഴിക്കോട്നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര.
നേപ്പാൾ, ബൂട്ടാൻ, മ്യാന്മർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസംകൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്. കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണയാണ് യാത്രക്ക് കൂടുതൽ കരുത്തു നൽകുന്നതെന്ന് ഫായിസ് പറഞ്ഞു. ഭാര്യ ഡോ. അസ്മിന്‍ യാത്രക്ക് എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കുന്നുണ്ട്. ഫഹ്‌സിന്‍ ഒമര്‍, അയ്‌സിന്‍ നഹേല്‍ എന്നിവര്‍ മക്കളാണ്.




