ന്യൂഡൽഹി: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 40 പൈസ ഇടിഞ്ഞ് എക്കാലത്തെയം താഴ്ന്ന നിരക്കായ 81.93 എന്ന നിലയിലേക്ക് എത്തി. ഇന്നലെ രൂപയുടെ വിപണി മൂല്യം 81.5788 ആയിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിദേശ നിക്ഷേപകരുടെ വില്‍പന സമ്മര്‍ദവും ഡോളര്‍ സൂചികയിലെ കുതിപ്പുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. വിദേശ നിക്ഷേപകര്‍ ഒരാഴ്ചയ്ക്കുള്ളില്‍ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ആര്‍.ബി.ഐയുടെ പണനയ യോഗത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് വിപണി. ഈ മാസത്തിന്റെ അവസാനമാണ് ആര്‍ബിഐയുടെ എംപിസി മീറ്റിങ്ങ്. രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് വിപണി നിരീക്ഷകര്‍ കാണുന്നത്. 82 വരെ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത ഉണ്ട്.
പണപ്പെരുപ്പം തടയാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടുകൂടിയാണ് ഡോളർ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയത്. ഇരുപത് വർഷത്തെ ഏറ്റവും ഉയർന്ന നിലവാരമായ 111.80 ൽ ആണ് ഡോളർ ഉള്ളത്. രൂപയുടെ മൂല്യ തകർച്ച തടയാൻ ആർബിഐ പരിശ്രമം തുടരുന്നുണ്ട്.
എന്നാൽ രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഡോളർ വിറ്റുവെന്ന വാർത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. അതേസമയം, രൂപയുടെ മൂല്യം 80 ൽ മുകളിൽ എത്തുന്നത് തടയാൻ വേണ്ടി ജൂലൈയിൽ മാത്രം സെൻട്രൽ ബാങ്ക് 19 ബില്യൺ ഡോളർ ആണ് അതിന്റെ കരുതൽ ധനത്തിൽ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ട്.




