തിരുവനന്തപുരം: തെരുവു നായകള്‍ക്കെതിരെയുള്ള അതിക്രമം തടയണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. നായ്ക്കളെ ഉപദ്രവിക്കുന്നതും വിഷം നല്‍കുന്നതും തടയണമെന്ന് എസ് എച്ച് ഒമാര്‍ക്ക് ഡിജിപി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. തെരുവുനായ്ക്കളെ കൊല്ലാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തണമെന്നും ഡി.ജി.പി നിര്‍ദ്ദേശിക്കുന്നു. നായ്ക്കളെ കൊല്ലുന്നത് തടവു ശ്കഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ജനജീവിതത്തിന് ഭീഷണിയാകുന്നതിനാല്‍ നായ്ക്കളെ കൂട്ടത്തോടെ നാട്ടുകാര്‍ കൊല്ലുന്നുണ്ട്. ഇത് ഒഴിവാക്കണം. ഓരോ എസ്.എച്ച്.ഒമാരും റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവല്‍കരണം നടത്തണം- നിര്‍ദേശത്തില്‍ പറയുന്നു.
തെരുവുനായകള്‍ പൊതുജനങ്ങളെ മാരകമായ രീതിയില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും ത്വരിതഗതിയില്‍ തന്നെ സ്വീകരിച്ചു വരുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ നിയമം കയ്യിലെടുക്കരുതെന്ന് ഡിജിപി സര്‍ക്കുലറില്‍ അറിയിച്ചു.
ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയത്. തെരുവുനായ വിഷയത്തില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കാതിരിക്കാന്‍ പൊലിസ് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഇന്ന് മൂന്ന് മണിക്ക് കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കുലര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
തെരുവുനായ ശല്യം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും.




