ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ കെ.എ കുഞ്ഞു മുഹമ്മദ് ഫൈസി (കെ.എ.കെ ഫൈസി കൊട്ടപ്പുറം) (64) നാട്ടിൽ നിര്യാതനായി. പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റലിൽ ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. ഖബറടക്കം ചൊവാഴ്ച്ച രാവിലെ 8 മണിക്ക് കൊട്ടപ്പുറം പാണ്ടിയാട്ടുപുറം ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടക്കും.
ഏറെക്കാലമായി രോഗബാധിതനായിരുന്നെങ്കിലും ഗ്രന്ഥ രചനയിലും സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു കെ. എ. കെ ഫൈസി. ഏറ്റവും അവസാനം എഴുതിയ “പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകൾ” എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടക്കാനിരിക്കെയായിരുന്നു വിയോഗം. ജിദ്ദയിലെ ഇസ്‌ലാമിക് ദഅവ കൌണ്‍സിലിന്‍റെ മുഖ്യ സംഘാടകനും, ഐ.ഡി.സി പ്രസിദ്ധീകരിച്ച ജാലകം ദ്വൈ മാസികയുടെ പത്രാധിപരുമായിരുന്നു.
1980 ൽ പട്ടിക്കാട് ജാമിഅ: നൂരിയയിൽ നിന്ന് ഫൈസി ബിരുദം നേടി. വിവിധ പള്ളി ദർസുകളിൽ മുദരിസായും കൊണ്ടോട്ടി ബുഖാരി ദഅവ കോളേജ്, പാണ്ടിയാട്ടുപുറം എം.എം അക്കാദമി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.
പിതാവ്: കാരിക്കുഴി ഐക്കരത്തൂടി അഹ്മദ് ഹാജി. മാതാവ്: കെ. സി ബിയ്യാത്തു ഹജ്ജുമ്മ. ഭാര്യ: ആമിന. മക്കൾ: ബിശ്ർ, ശഫീഖ്, നുസൈബ, സുആദ, ബശാർ ശഫീഖ്, ഹംദാൻ.




