ഇന്ത്യയിലെ ഏറ്റവും വലിയ രാസവള കമ്പനികളുമായി സഊദി അറേബ്യ 4 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ഇന്ത്യയിലേക്കുള്ള ഫോസ്ഫേറ്റ് വളത്തിന്റെയും അമോണിയ കയറ്റുമതിയും വർദ്ധിപ്പിക്കാൻ ലക്ഷ്യം

0
1185

റിയാദ്: സഊദി അറേബ്യൻ മൈനിങ് കമ്പനി (മആദൻ), രാസവളം മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനികളുമായി നാല് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. സഊദി അറേബ്യയിലെത്തിയ ഇന്ത്യൻ രാസവസ്തു, വളം മന്ത്രി ഡോ. മൻസുഖ് മാണ്ഡവിയ, സഊദി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ അൽഖുറൈഫ്, മആദൻ സി.ഇ.ഒ പ്രഫസർ റോബർട്ട് വെൽറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണപത്രം ഒപ്പുവെച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2023 മുതൽ ഇന്ത്യൻ വിപണിയിലേക്കുള്ള ഫോസ്‍ഫേറ്റ്, അമോണിയ ഉത്പന്നങ്ങളുടെ വാർഷിക കയറ്റുമതി ഇരട്ടിയാക്കാനാണ് കരാറുകളിലൂടെ ലക്ഷ്യമിടുന്നത്. വളം വ്യവസായത്തിലെ ഉത്പന്നം, സാങ്കേതിക വിദ്യ വികസന മേഖലയിൽ പരസ്‍പര സഹകരണത്തിനും ഗവേഷണത്തിനും കൂടിയാണ് കരാറുകൾ.

ഇന്ത്യൻ പൊട്ടാഷ് കമ്പനി ലിമിറ്റഡുമായി ഫോസ്‍ഫേറ്റ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനും ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് കമ്പനി ലിമിറ്റഡുമായി അമോണിയ വിതരണം ചെയ്യുന്നതിനുമുള്ള ധാരണാപത്രങ്ങളും ഇതിലുൾപ്പെടും. ഫോസ്‍ഫേറ്റ്, അമോണിയ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനുള്ള മൂന്നാമത്തെയും നാലാമത്തെയും കരാർ ‘കൃഷക് ഭാരതി കോ-ഓപറേറ്റീവ് കമ്പനി ലിമിറ്റഡ്, ‘കോറോമാന്റൽ ഇൻറർനാഷനൽ ലിമിറ്റഡ് കമ്പനി’ എന്നിവയുമായാണ് ഒപ്പുവെച്ചത്. വിവിധ മേഖലകളിൽ സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രത്യേക ഉൽപ്പന്നങ്ങളുടെ സാങ്കേതിക വികസനം, കാർഷിക എൻജിനീയറിങ്, ലോജിസ്റ്റിക്കൽ പരിഹാരങ്ങൾ എന്നിവ കരാറികളിലുൾപ്പെടും.