അപൂർവ്വങ്ങളിൽ അപൂർവ്വം; രാജ്കുമാറിന്റെ ചിതാഭസ്മവുമായി ദുബായില്‍ നിന്നും കോഴിക്കോട് സ്വദേശിനി താഹിറ നാട്ടിലെത്തി കുടുംബത്തിന് കൈമാറി: 2 വര്‍ഷം, ചെറുതല്ലാത്ത പരിശ്രമം

0
2688

ദുബായ്: രണ്ടുവർഷം മുമ്പ് യു.എ.ഇ.യിൽ കൊവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി രാജ്കുമാർ തങ്കപ്പന്റെ (44) ചിതാഭസ്മം ഒടുവിൽ ജന്മനാട്ടിലെത്തി. യു.എ.ഇ.യിൽ ആരോഗ്യ-സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശിനി താഹിറ കല്ലുമുറിക്കലാണ് വെള്ളിയാഴ്ച രാജ്കുമാറിന്റെ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തിയത്. ആദ്യമായാണ് യുഎഇയിൽ മരിച്ച ഓരാളുടെ ചിതാഭസ്മം നാട്ടിലെത്തിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2020 മേയിലാണ് രാജ്കുമാർ തങ്കപ്പൻ യു.എ.ഇ.യിൽ കൊവിഡ് ബാധിച്ചുമരിച്ചത്. ഏറ്റെടുക്കാൻ ആരുമില്ലാതെ മൃതദേഹം യു.എ.ഇ.യിൽ തന്നെ സംസ്കരിക്കുകയായിരുന്നു. മക്കളുടെ ആവശ്യപ്രകാരം കോട്ടയം സ്വദേശി സിജോപോളാണ് രണ്ടര വർഷത്തോളം സ്വന്തം താമസസ്ഥലത്ത് ചിതാഭസ്മം സൂക്ഷിച്ചു വെച്ചത്. ഏറെ ശ്രദ്ധേയമായ വാർത്ത നേരത്തെ മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

അമ്മയെ നേരത്തെ നഷ്ടപ്പെട്ട മക്കൾക്ക് പിതാവിന്റെ ചിതാഭസ്മമെങ്കിലും കാണണമെന്ന ആഗ്രഹത്തെ തുടർന്നായിരുന്നു മൂന്ന് മക്കളുടെ മാതാവ് കൂടിയായ താഹിറ കല്ലുമുറിക്കൽ ചിതാഭസ്മം നാട്ടിലെത്തിക്കാൻ മുൻകൈ എടുത്തത്. തുടർന്ന് താഹിറ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

ഏറെ കടമ്പകളുണ്ടായിരുന്നു ചിതാഭസ്മം നാട്ടിലെത്തിക്കാൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കൂടുതലായിരുന്നു ഇതിനായുള്ള നടപടിക്രമങ്ങൾ. ഇതെല്ലാം പൂർത്തിയാക്കിയാണ് താഹിറ ഇതുവരെ കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മവുമായി വിമാനം കയറിയത്. തുടർന്ന് ദുബായിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ താഹിറ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തുകയായിരുന്നു.

രാജ്കുമാറിന്റെ മകനും മകളും പിതാവിന്റെ ചിതാഭസ്മം താഹിറയിൽ നിന്ന് ഏറ്റുവാങ്ങി. പ്രാർഥനകൾക്ക് ശേഷം ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്തു. ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ മേധാവി വി. നന്ദകുമാറാണ് ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിച്ചത്. ചിതാഭസ്മം കാത്തിരിക്കുന്ന മക്കളുടെ വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വി. നന്ദകുമാർ ഈ നന്മയിൽ പങ്കാളിയാവുകയായിരുന്നു.

യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച രാജ് കുമാറിന്റെ ചിതാ ഭസ്മം നാട്ടിലെത്തിക്കാന്‍ തയ്യാറായി താഹിറ