റിയാദ്: തൊഴിലാളിയുടെ ശമ്പളം തടയലും ഭീഷണിയും നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കലും തടയാന്‍ സഊദിയില്‍ പുതിയ നിയമം. നിയമത്തിന്റെ കരട് രേഖ സഊദി മാനവ വിഭവ ശേഷി-സാമുഹിക വികസന മന്ത്രാലയം പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം, നാഷണല്‍ കോംപീറ്റീറ്റീവ്‌നസ് സെന്ററിന്റെ ഇസ്തിതിലാഹ് പ്ലാറ്റ്‌ഫോമില്‍ താത്പര്യമുള്ളവര്‍ക്ക് രേഖപ്പെടുത്താം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്ത് നിര്‍ബന്ധിത തൊഴില്‍ ഒഴിവാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. നിര്‍ബന്ധിത തൊഴില്‍, തൊഴിലിടത്തിലെ മാനസികവും ശാരീരികവുമയ പീഡനം എന്നിവ തടയാനായി നിയമപരമായ ഒരു ചട്ടക്കൂട് തയ്യാറാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. തൊഴിലാളികള്‍ ജോലി സ്ഥലത്ത് അനുഭവിക്കുന്ന വിവേചനം, മോശമായ തൊഴില്‍ ചെയ്യിപ്പിക്കല്‍, വഞ്ചിക്കല്‍ തുടങ്ങിയവ തടയാനും ഈ നിയമം സഹായിക്കും.
കീഴില്‍ ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത ഒരാളെ ഏതെങ്കിലും രീതിയില്‍ ഭീഷണിപ്പെടുത്തി തൊഴില്‍ ചെയ്യിപ്പിക്കുക എന്നതാണ് നാഷണല്‍ പോളിസി പ്രകരാം നിര്‍ബന്ധിത തൊഴില്‍ എന്നു പറയുന്നത്. ഒരാളെ ജോലി ചെയ്യാനായി നിര്‍ബന്ധിക്കുക, തൊഴിലാളിക്ക് ഈ ജോലിക്ക് താത്പര്യമില്ലാതിരിക്കുക, മറ്റു ചോയിസുകള്‍ ഇല്ലാതാക്കുക തുടങ്ങിയവ ഉണ്ടായാല്‍ അത് നിര്‍ബന്ധിത തൊഴില്‍ എന്ന ഗണത്തില്‍ ഉള്‍പെടും.
തൊഴിലാളികളെ ബലാല്‍ക്കാരമായി ജോലി ചെയ്യിപ്പിക്കാന്‍ നിര്‍ബന്ധിക്കുക, ശാരീരികമായി പീഡിപ്പിക്കുക, പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക, അഭിമാനം കളങ്കപ്പെടുത്തുമെന്ന് പറയുക, കുടുംബത്തേയോ ഉടമസ്ഥയിലുള്ള സ്വത്തുവകകളേയോ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുക, ശമ്പളം നല്‍കില്ലെന്നു പറയുക, തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് ഉള്‍പടെയുള്ള വ്യക്തിപരമായ രേഖകള്‍ തടഞ്ഞുവെക്കുക, പുറത്തിറങ്ങാന്‍ അനുവദിക്കാതെ തൊഴില്‍ സ്ഥലത്തോ, പിരിമിതമായ സ്ഥലങ്ങളിലോ തൊഴിലാളിയെ തടഞ്ഞുവെക്കുക, ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുക എന്നിവയെല്ലാം നിര്‍ബന്ധിത തൊഴിലിന്റെ ഗണത്തില്‍ പെടും. ശമ്പളം തടഞ്ഞുവെക്കുക, അധികൃതരിലേക്ക് പരാതിയുമായി പോവാന്‍ സാധിക്കാത്ത വിധത്തില്‍ തൊഴിലാളിയെ ജോലി സ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതിരിക്കുക എന്നിവയും ഈ നിയമത്തിന്റെ പരിധിയില്‍ വരും.
കുട്ടികളേയും സത്രീകളേയും സംരക്ഷിക്കുക എന്ന പ്രത്യേക ലക്ഷ്യവും ഇതിനുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വാകാര്യ മേഖലയിലും ജോലി ചെയ്യുന്നവരും ഗാര്‍ഹിക ജോലിയില്‍ ഏര്‍പെടുന്നവരുമെല്ലാം ഈ നിയമത്തിന്റെ പരിധില്‍ പെടും. തൊഴിലിടങ്ങളില്‍ പല തരത്തിലുള്ള ചൂഷണവും പീഡനവും നേരിടുന്ന വിദേശികള്‍ക്ക് ഈ നിയമം വലിയ സഹായമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.




