സഊദിയിൽ ചതുപ്പിൽ മുങ്ങി മൂന്ന് പേർ മരിച്ചു

0
2561

റിയാദ്: സഊദിയിലെ നജ്‌റാനിൽ ചതുപ്പിലെ വെള്ളകെട്ടിൽ മുങ്ങി മൂന്ന് പേർ മരണപ്പെട്ടു. താർ ഗവർണറേറ്റിലെ ഹിജ്‌റത്ത് അൽ റബയിലെ ജല ചതുപ്പിലാണ് ദാരുണമായ അപകടം നടന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്‌ച വൈകുന്നേരം നജ്‌റാന് വടക്ക് താർ താഴ്‌വരയിലെ തോട്ടിൽ മൂന്ന് കുട്ടികൾ കളിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം. ഏകദേശം 4 മീറ്ററോളം ആഴമുള്ള ചതുപ്പിലേക്ക് ആദ്യം പോയത് ജ്യേഷ്ഠനായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടുത്താനായി നടത്തിയ ശ്രമത്തിനിടെ മറ്റു രണ്ടു സഹോദരന്മാരും  കുഴിയിൽ വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

മേഖലയിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിന്റെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴയിൽ പെട്ട്  കാണാതായ ആളുകളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

നജ്‌റാൻ മേഖലയുടെ ഗവർണർ പ്രിൻസ് ജലാവി ബിൻ അബ്ദുൽ അസീസ് ബിൻ മുസൈദ് ചൊവ്വാഴ്ച വൈകുന്നേരം താർ, ഹബൂന പ്രവിശ്യകളിൽ ഉണ്ടായ രണ്ട് മുങ്ങിമരണ അപകടങ്ങളുടെ വിശദാംശങ്ങളും സാഹചര്യങ്ങളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കുളങ്ങളിലും ചതുപ്പുകളിലും താഴ്‌വരകളിലും മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും കാറിലോ കാൽനടയായോ പ്രവേശിക്കരുതെന്ന് സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.

ബുധനാഴ്ച മുതൽ അഞ്ച് ദിവസം രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ മഴയും കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.