റിയാദ്: സഊദിയിൽ എത്തി നാൽപതാം ദിനത്തിൽ മലയാളി സ്വദേശി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി മുൻഷീർ സഹീദ് (40) ആണ് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദുബായിൽ നിന്ന് നാൽപത് ദിവസം മുമ്പാണ് അൽഖോബാറിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് താൽക്കാലിക ജോലി ആവശ്യാർഥം എത്തിയത്.
ഓഫ്‌ഷോർ ജോലിക്കിടെ ജൂലായ് ആദ്യവാരം പക്ഷാഘാതം വന്നതിനെ തുടർന്ന് സർജറി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. അൽഖോബാർ കെ.എം.സി.സി വെൽഫയർ വിഭാഗം കൺവീനർ ഹുസൈൻ നിലമ്പൂർ, ഇസ്മായിൽ പുള്ളാട്ട് എന്നിവർ നിയമ നടപടികൾ പൂർത്തീകരിച്ചു.
അൽഖോബാർ മലിക്ക് ഫഹദ് മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാര ശേഷം തുക്ബ ഖബർസ്ഥാനിൽ ഖബറടക്കി. മഹ്മൂദ് പൂക്കാട്, അഫ്‌സൽ തൃശൂർ, മുഹമ്മദ് കരിങ്കപ്പാറ എന്നിവർ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി. പിതാവ്: സഹീദ്, മാതാവ്: ലൈല. ഭാര്യ: മിസ്രിയ. മക്കൾ: റംസാൻ, റയാൻ.




