ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാ മത് രാഷ്ട്രപതിയായി ദ്രൗപതിമുര്‍മു പ്രഖ്യാപനം ഉടൻ ഉണ്ടാകും. രാവിലെ 11 മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് മികച്ച ലീഡാണുള്ളത്. ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവുമാണ് ദ്രൗപദി മുര്‍മു.
നിലവിൽ ഇവർക്ക് 540 പേരുടെ വോട്ടു ലഭിച്ചപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് 208 പേരുടെ പിന്തുണയാണ് ലഭിച്ചത്. 15 പേരുടെ വോട്ടുകള്‍ അസാധുവായി. ദ്രൗപതി മുര്‍മുവിന് 3,7800 വോട്ടിന്റെ മൂല്യമാണ് ലഭിച്ചത്. 145600 വോട്ടിന്റെ മൂല്യമാണ് യശ്വന്ത് സിന്‍ഹക്കു ലഭിച്ചത്. രാജ്യസഭ സെക്രട്ടറി പി.സി.മോദിയായിരുന്നു ഭരണാധികാരി. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടൻ ഉണ്ടാകും.
ആകെ 4025 എം.എല്‍.എമാര്‍ക്കും 771 എം.പിമാര്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. 38 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹക്കുണ്ടായിരുന്നത്. 60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു നേരത്തെതന്നെ വിജയം ഉറപ്പിച്ചിരുന്നു. പാര്‍ലമെന്‍റിലെ 63ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. ആദ്യം എംഎൽഎമാരുടെയും പിന്നീട് എംപിമാരുടെയും വോട്ടുകൾ വേർതിരിച്ചശേഷമാണ് എണ്ണിത്തുടങ്ങിയത്. ദ്രൗപദി മുർമുവിനും യശ്വന്ത് സിൻഹയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റുകൾ പിന്നീട് പ്രത്യേകം ട്രേയിലാക്കി മാറ്റിയിരുന്നു. എംഎൽഎമാർക്ക് പിങ്ക് ബാലറ്റും എംപിമാർക്ക് പച്ച ബാലറ്റുമാണ് നൽകിയിരുന്നത്.
വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമാണ് ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം എന്‍.ഡി.എ പ്രഖ്യാപിച്ചത്. 5.33 ലക്ഷമായിരുന്നു ആദ്യ ഘട്ടത്തില്‍ എന്‍.ഡി.എയുടെ വോട്ട് മൂല്യം. പിന്നീട് ഘട്ടംഘട്ടമായി വോട്ട് മൂല്യം വര്‍ധിച്ചു. ശിവസേന, ജെ.എം.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കൂടി പിന്തുണ ലഭിച്ചതോടെ വോട്ട് മൂല്യം 6.61 ലേക്ക് ഉയര്‍ന്നു. പൊതു സമ്മതന്‍ എന്ന നിലയിലാണ് യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷം സ്ഥാനാര്‍ഥിയാക്കിയത്.
38 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയാണ് സിന്‍ഹയ്ക്കുളളത്. 4.13 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വോട്ട് മൂല്യം. ഇതില്‍ നിന്നും വോട്ട് കുറയുമോ എന്ന ആശങ്ക പ്രതിപക്ഷ ക്യാമ്പിനുണ്ടായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ നേതാവ്
ഝാർഖണ്ഡ് മുൻ ഗവർണർ കൂടിയായ ദ്രൗപദി മുർമു അനുഭവസമ്പത്തുമായാണ് രാജ്യത്തെ പ്രഥമ വനിതയാകുന്നത്.
താഴെതട്ടിലെ നിർധന ജീവിതത്തിന്റെ അനുഭവ പാഠം. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതി ഉയരങ്ങൾ കീഴടക്കിയ നിശ്ചദാർഡ്യം. ഇന്ത്യയിലെ പരമോന്നത പദവിയിലേക്ക് എത്തിയ ദ്രൗപദി ദുർമുവിന് പ്രത്യേകതകൾ നിരവധിയാണ്.

1958 ജൂൺ 20 ന് ഒഡീഷയിലെ ബൈഡപ്പോസി ഗ്രാമത്തിൽ ജനനം. ഗോത്ര വിഭാഗത്തിൽ വരുന്ന സന്താൾ വംശജയാണ്. ഭുവനേശ്വറിലെ രാമാദേവി വനിത കോളജിൽ നിന്ന് ബി എ ബിരുദം സ്വന്തമാക്കി.
1979 മുതൽ 83 വരെ ഒഡീഷ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി പ്രവർത്തിച്ചു.
1994 -97 കാലയളവിൽ റയ്റങ്ക് പൂറിൽ അധ്യാപികയായി. 97 മുതൽ സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നെ ഉയരങ്ങൾ ഓരോന്നായി കീഴടക്കുകയായിരുന്നു. കൗൺസിലറായി, എസ് ടി മോർച്ച സംസ്ഥാന അധ്യക്ഷയായി. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ നിയോജമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2007 ൽ മികച്ച സാമാജികക്കുളള പുരസ്കാരം നേടി. ഗതാഗതം, വാണിജ്യം, മൃഗസംരക്ഷണം അങ്ങനെ വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തന മികവ് തെളിയിച്ചു. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായിരുന്നു.
തദ്ദേശ സ്ഥാപന പ്രതിനിധിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതം രാഷ്ട്രപതി ഭവൻ വരെ എത്തി നിൽക്കുന്നു. ഗോത്രവർഗത്തിൽ നിന്ന് മാത്രമല്ല ഒഡീഷയിൽ നിന്നുളള ആദ്യ രാഷ്ട്രപതി കൂടിയാണ് ദ്രൗപദി മുർമു.




