ഈജിപ്‌തിൽ പാസഞ്ചർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേർ മരിച്ചു

0
2122

കെയ്‌റോ: ഈജിപ്തിൽ ഉണ്ടായ വാഹനാപകടത്തിൽ 25 പേര് മരിച്ചു. കെയ്‌റോയിൽ നിന്ന് 220 കിലോമീറ്റർ (137 മൈൽ) തെക്ക് മിനിയ പ്രവിശ്യയിലെ മലാവി നഗരത്തിലെ ഹൈവേയിലാണ് ദാരുണമായ അപകടം നടന്നത്. നിർത്തിയിട്ട ട്രക്കിൽ പാസഞ്ചർ ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ 35-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടയർ മാറ്റുന്നതിനായി ട്രക്ക് റോഡരികിൽ നിർത്തിയിട്ടതായിരുന്നു. ഇതിലേക്കാണ് ബസ് ഇടിച്ച് കയറിയതെന്ന് അധികൃതർ അറിയിച്ചു. ഈജിപ്തിലെ തെക്കൻ പ്രവിശ്യയായ മിനിയയ്ക്ക് സമീപം 25 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഇരയായവർക്ക് സഊദി അറേബ്യ അനുശോചനം അറിയിച്ചു.

സഊദി ഭരണാധികാരി സൽമാൻ രാജാവ് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് അനുശോചന സന്ദേശം അയച്ചതായി സഊദി പ്രസ് ഏജൻസി ബുധനാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തു. “മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഈജിപ്ഷ്യൻ ജനതയ്ക്കും അഗാധവും ആത്മാർത്ഥവുമായ അനുശോചനം അറിയിക്കുന്നു,” പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് രാജാവ് പറഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സമാനമായ ഒരു കേബിൾ ഈജിപ്ത് പ്രസിഡന്റിന് അയച്ചു.