റിയാദ്: എല്ലാ വിമാനകമ്പനികൾക്കും തങ്ങളുടെ വ്യോമ പാത തുറന്ന് സഊദി അറേബ്യ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സഊദി സന്ദർശനത്തിന് മുന്നോടിയായാണ് സഊദി സിവിൽ ഏവിയേഷന്റെ ഈ പ്രഖ്യാപനം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മധ്യേഷ്യൻ സന്ദർശനത്തിലുള്ള ബൈഡൻ ഇസ്‌റാഈൽ സന്ദർശന ശേഷം ഇന്ന് സഊദി അറേബ്യയിലേക്ക് എത്തും. ഇസ്രാഈലിൽ നിന്ന് നേരിട്ടാണ് സഊദിയിലേക്ക് ബൈഡൻ എത്തുകയെന്ന നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രമെന്ന നിലയിൽ എല്ലാ വിമാനങ്ങൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകുന്നുവെന്നാണ് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
— هيئة الطيران المدني (@ksagaca) July 14, 2022
1944 ലെ ചിക്കാഗോ കൺവെൻഷനു കീഴിലുള്ള കരാറുകൾ നിറവേറ്റാനുള്ള രാജ്യത്തിന്റെ താൽപ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് തീരുമാനമെന്ന് അതോറിറ്റി പ്രസ്‌താവനയിൽ വിശദീകരിച്ചു. അന്താരാഷ്‌ട്ര എയർ നാവിഗേഷനിൽ സിവിൽ വിമാനങ്ങൾക്ക് വിവേചനം കാണിക്കരുതെന്നും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാനും അന്താരാഷ്‌ട്ര എയർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പൂർത്തീകരിക്കാനും വ്യവസ്ഥ ചെയ്യുന്നതയായിരുന്നു 1944 ലെ ചിക്കാഗോ കൺവെൻഷൻ.
പുതിയ തീരുമാനത്തോടെ ഇസ്‌റാഈൽ വിമാനങ്ങൾക്കും സഊദി വ്യോമ പാത ഉപയോഗിക്കാനാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഊദി അറേബ്യയുടെ പുതിയ പ്രഖ്യാപനത്തോടൊപ്പം, ഇസ്രാഈലിലെ മുസ്‌ലിംകൾക്ക് മക്കയിലേക്കും മദീനയിലേക്കും ചാർട്ടേഡ് വിമാനം അനുവദിക്കുന്ന കാര്യം യുഎസ് പ്രസിഡണ്ടിന്റെ സന്ദർശനത്തിൽ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഇസ്‌റാഈലിലേക്കുള്ള യുഎഇ, ബഹ്റൈൻ വിമാനക്കമ്പനികൾ സഊദി വ്യോമ പാത ഉപയോഗിക്കുന്നുണ്ട്. ഇവർക്കായി നേരത്തെ സഊദി അറേബ്യ അനുമതി നൽകിയിരുന്നു. ചൈനയും ഇന്ത്യയുമുൾപ്പെടെ രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇത്തരത്തിൽ നേരിട്ട് പറക്കാൻ സാധിച്ചിരുന്നില്ല. പുതിയ പ്രഖ്യാപനത്തോടെ ഇതിന് സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും സഊദി അറേബ്യയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധമായ വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ല.




