സഊദിയിൽ വ്യാപകമായി യോഗ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു, പ്രത്യേക പദ്ധതികളും ഒരുങ്ങുന്നു

0
3365

റിയാദ്: സഊദിയിലെ എല്ലാ പ്രദേശങ്ങളിലും യോഗ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തെ എല്ലാ നഗരങ്ങളിലും യോഗാകേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതി ഒരുക്കിയത്. ഇതിനായി സഊദി യോഗ കമ്മിറ്റി പ്രത്യേക പദ്ധതികൾ തന്നെ ഒരുക്കിയിട്ടുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി യോഗ കമ്മിറ്റി കായികമന്ത്രാലയവുമായി സഹകരിച്ച് അക്കാദമികളും ഇൻസ്റ്റിറ്റ്യൂട്ടുകളും ആരംഭിക്കുന്നതിന് ലൈസൻസ് നൽകാൻ ‘നാഫെസ്’ പ്ലാറ്റ്‌ഫോമിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യോഗാസന കളിക്കാരെ രജിസ്റ്റർ ചെയ്യുന്നതിനും കായികമന്ത്രാലയവുമായി സഹകരിച്ച് യോഗ പരിശീലകർക്കും അധ്യാപകർക്കും ലൈസൻസ് നൽകുന്നതിനും പുറമെ ‘നാഫെസ്’ പ്ലാറ്റ്‌ഫോമിൽ എല്ലാ യോഗപരിശീലകരെയും പങ്കെടുപ്പിച്ച് പ്രഫഷനൽ യോഗാസന മത്സരത്തിനും പദ്ധതിയിടുന്നുണ്ട്.

അസീർ, അബഹ, തബൂക്ക്, ഹാഇൽ, മക്ക, മദീന, യാംബു, റാബിഖ്, അൽ-അഫ്‍ലാജ്, റിയാദ് എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി. രാജ്യത്തെ എല്ലാ നഗരങ്ങളിലും യോഗ കേന്ദ്രങ്ങളുടെയും സ്റ്റുഡിയോകളുടെയും എണ്ണം വർധിപ്പിക്കുന്നതോടെ യോഗയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് അധികൃതർ.

സഊദി യോഗ കമ്മിറ്റിയിൽ ഏഷ്യൻ യോഗാസന സ്‌പോർട്‌സ് ഫെഡറേഷൻ, വേൾഡ് യോഗാസന സ്‌പോർട്‌സ് ഫെഡറേഷൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് സഊദി യോഗ കമ്മിറ്റി പ്രവർത്തനം വിപുലപ്പെടുത്തുന്നത്. പ്രാദേശിക, അന്തർദേശീയ ചാമ്പ്യൻഷിപ്പുകൾ നടത്താൻ യോഗ പ്രഫഷനലുകൾക്ക് മത്സരം ആരംഭിച്ചിട്ടുണ്ട്. ജൂൺ 21ന് ആരംഭിച്ച മത്സരം ജൂലൈ മൂന്നിന് സമാപിക്കും. ഈ സംരംഭങ്ങൾക്ക് മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നതായി സഊദി യോഗ പ്രസിഡന്റ് നൗഫ് അൽ-മർവായ് പറഞ്ഞു.