തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണവും വീണ്ടും കൂടിയതോടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് മാസ്‌ക് നിര്‍ബന്ധമാക്കി വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാക്കി. മാസ്‌കില്ലാതെ എത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം.
ഇന്നലെ മാത്രം പന്ത്രണ്ട് പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. ഇതില്‍ നാലു മരണവും കൊല്ലം ജില്ലയിലാണ്. കൊല്ലത്ത് ഇന്നലെ 233 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. 782 കേസുകള്‍. ജില്ലയില്‍ മൂന്ന് മരണവും ഇന്നലെയുണ്ടായി.
സംസ്ഥാനത്ത് ഇന്നലെ മാത്രം 2,994 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണവും സ്ഥിരീകരിച്ചു.
കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളില്‍ സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.




