ശൈഖ് മഹ്മൂദ് ഖലീൽ അൽ ഖാരിഅ്: ശ്രവണ സുന്ദര ഖുർആൻ പാരായണത്തിന്റെ ഉടമ, മരണ വിവരമറിഞ്ഞ് അനുശോചനം അറിയിച്ച് പ്രമുഖർ, ജനാസയിൽ പങ്കെടുത്തത് നിരവധി പേർ, (വീഡിയോ)

0
2972

മദീന: പ്രവാചക നഗരിയിലെ ചരിത്ര പള്ളിയായ മസ്ജിദുൽ ഖിബ്‌ലതൈൻ ഇമാമും പ്രവാചക പള്ളിയായ മസ്ജിദുന്നബവി മുൻ നിയുക്ത ഇമാമുമും മൻസ്വൂറയിലെ ഖുബ മസ്ജിദിലെയും ചുമതലയുമുള്ള ശൈഖ് മഹ്മൂദ് ഖലീൽ അൽ ഖാരിഇന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ. 47 വയസായിരുന്ന ഇദ്ദേഹം ശ്രവണ സുന്ദരമായ ഖുർആൻ പാരയണത്തിനുടമയായിരുന്നു.

ദീർഘനാളായി രോഗ ശയ്യയിൽ ആയിരുന്ന ഇദ്ദേഹം ശനിയാഴ്ചയാണ് വിട പറഞ്ഞത്. മയ്യത്ത് നിസ്കാരം ശനിയാഴ്ച മഗ്‌രിബ് നമസ്‌കാരത്തിന് മസ്ജിദുന്നബവിയിൽ വെച്ച് നടന്നു. നൂറുകണക്കിന് പേരാണ് മയ്യത്ത് നിസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും പങ്കെടുത്തത്.

1975 ൽ മദീനയിൽ ജനിച്ച ശൈഖ് മഹ്മൂദ് അൽ ഖാരിഅ് പത്താം വയസ്സിൽ വിശുദ്ധ ഖുർആൻ മുഴുവനും മനഃപാഠമാക്കുകയും വിശുദ്ധ ഖുർആനിൽ ഉന്നത ബിരുദങ്ങൾ നേടുകയും ഏഴ് രീതിയിലുള്ള ഖുർആൻ പാരായണത്തിൽ വിജ്ഞാനവും നേടുകയും ഇസ്‌ലാമിക പഠനത്തിൽ ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. 1438-ലെ റമദാൻ മാസത്തിൽ പ്രവാചകന്റെ പള്ളിയിൽ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടിരുന്നു.

ആ വർഷം റമദാൻ പതിമൂന്നാം തീയതി രാത്രിയിലെ ഖിയാമുല്ലൈൽ പ്രാർത്ഥനയിൽ നേതൃത്വം നൽകുന്നതിനിടയിൽ ആരോഗ്യപ്രശ്നമുണ്ടാകുകയും തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒരു വർഷത്തേത്തിനു ശേഷം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചെറുപ്പത്തിൽ തന്നെ ഖുർആൻ പഠിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം മദീനയിലെ ഖുർആൻ മനഃപാഠ സ്‌കൂളുകളിൽ (ഖുർആൻ ഹിഫ്സ് കോളേജ്) അദ്ധ്യാപകനായി പ്രവർത്തിച്ചു. കൂടാതെ 8 വർഷം ടീച്ചേഴ്‌സ് കോളേജിൽ അധ്യാപകനായും മൂന്ന് വർഷം ‘ഖുർആന്റെ തണലിൽ’ പ്രത്യേക പ്രോഗ്രാം ഉൾപ്പെടെ നിരവധി പ്രോഗ്രാമുകളും അവതരിപ്പിച്ചു.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ ഇമാമും ആധുനിക ഖുർആൻ നവോത്ഥാനത്തിന്റെ സ്ഥാപകരിലൊരാളുമായ ശൈഖ് ഖലീൽ അൽ ഖാരിഇയാണ് മഹ്മൂദ് അൽ ഖാരിഇയുടെ പിതാവ്. ശൈഖിന്റെ മരണത്തിലെ അനുശോചനം അറബ് മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.