റിയാദ്: കടുത്ത ചൂട് അനുഭവപെപ്പടുന്നതിനാൽ പുറത്തെ ജോലികൾക്കുള്ള നിശ്ചിത സമയത്തെ വിലക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഹിജ്‌റ 1435 ന് പുറപ്പെടുവിച്ച മന്ത്രിതല തീരുമാനപ്രകാരമാണ് സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലെയും പുറത്തെ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്നത്.
2022 ജൂൺ 15 ന് (ഹിജ്‌റ 1443 ദുൽഖഅദ 16) ബുധനാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിൽ വരിക. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിബി വരെയാണ് നിരോധനം.2022 സെപ്തംബർ 15 (ഹിജ്‌റ 1444 സഫർ 19) വരെ നിരോധനം തുടരും.
തൊഴിൽ സംബന്ധമായ പരിക്കുകളും രോഗങ്ങളും പരിമിതപ്പെടുത്താനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനുമുള്ള തീരുമാനം നടപ്പിലാക്കാനും തൊഴിൽ സമയം ക്രമീകരിക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധമായ ലംഘനങ്ങൾ ഏകീകൃത ഉപഭോക്തൃ സേവന നമ്പർ 19911 വഴിയോ സ്മാർട്ട് ഫോണുകളിൽ ലഭ്യമായ മന്ത്രാലയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കാമെന്നും മന്ത്രാലയം ഉണർത്തി.
തൊഴിൽദാതാക്കൾക്ക് പ്രയോഗിക്കാൻ കഴിയുന്ന തരത്തിൽ സൂര്യനും ചൂട് സമ്മർദ്ദത്തിനും വിധേയമാകുന്ന അപകടങ്ങൾ തടയുന്നതിനുള്ള ആരോഗ്യ, തൊഴിൽ സംരക്ഷണത്തിനുള്ള നടപടിക്രമ മാനുവൽ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനും തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പുവരുത്തുന്നതിനും സുരക്ഷിതത്വത്തിനനുസരിച്ച് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നവ ഒഴിവാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യത്തിന്റെ ഭാഗമാണ് തീരുമാനം.




