ലോകത്ത് ഏറ്റവുമധികം ഈത്തപ്പഴം കയറ്റി അയച്ച പട്ടികയിൽ സൗദി അറേബ്യയ്ക്ക് ഒന്നാം സ്ഥാനം

0
2896

റിയാദ്: കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവുമധികം ഈത്തപ്പഴം കയറ്റി അയച്ച പട്ടികയിൽ സൗദി അറേബ്യയ്ക്ക് ഒന്നാം സ്ഥാനം. അഞ്ചു കൊല്ലത്തിനിടെ ഈത്തപ്പഴ കയറ്റുമതിയിൽ ഏറ്റവും ഉയർന്ന വാർഷിക വളർച്ച കൈവരിക്കാൻ രാജ്യത്തിനായി.

വേൾഡ് ട്രേഡ് സെന്ററിനു കീഴിലെ ട്രേഡ് മാബ് വെബ്‌സൈറ്റ് ആണ്
ഈ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം സൗദി അറേബ്യ 113 രാജ്യങ്ങളിലേക്ക് ഈത്തപ്പഴം കയറ്റി അയച്ചു. അഞ്ചു കൊല്ലത്തിനിടെ കയറ്റുമതി 110 ശതമാനം തോതിൽ വർധിച്ചു.

പെട്രോളിതര കയറ്റുമതി വർധിപ്പിക്കാനും ഈത്തപ്പന കൃഷി വികസിപ്പിക്കാനും സൗദി ഭരണാധികാരികൾ കാണിക്കുന്ന ശ്രദ്ധയും താൽപര്യവും കർഷകർ അടക്കമുള്ള പങ്കാളികൾ വഹിക്കുന്ന പങ്കുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ് പറഞ്ഞു.

ഈത്തപ്പന കൃഷിയും ഈത്തപ്പന ഉൽപാദനവും വികസിപ്പിച്ചും ഈ രംഗത്ത് സുസ്ഥിരത കൈവരിച്ചും വിഷൻ-2030 പദ്ധതി ഈത്തപ്പന കൃഷിക്കും ഈത്തപ്പഴ ഉൽപാദനത്തിനും മുൻഗണന നൽകുന്നു.

ഈത്തപ്പന കൃഷി വികസനത്തിന് നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്‌സ് വളരെ നേരത്തെ തന്നെ പദ്ധതികൾ തയാറാക്കി നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഈത്തപ്പന കൃഷി മേഖലയുടെ സംഭാവന ഉയർത്താൻ സാധിച്ചു.

സൗദിയിൽ പ്രതിവർഷം 750 കോടി റിയാലിന്റെ ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നുണ്ട്. മൊത്തം കാർഷിക ഉൽപാദനത്തിന്റെ 12 ശതമാനവും മൊത്തം പെട്രോളിതര ഉൽപാദനത്തിന്റെ 0.4 ശതമാനവും ഈത്തപ്പഴ മേഖലയിൽ നിന്നാണ്. സൗദിയിൽ 3.3 കോടി ഈത്തപ്പനകളുണ്ട്. ലോകത്ത് ആകെയുള്ള ഈത്തപ്പനകളിൽ 27 ശതമാനം സൗദിയിലാണ്.