ബാലവകാശ കമ്മീഷൻ നിലപാടുകൾ സംശയാസ്പദം: സഊദി ദാരിമീസ് അസോസിയേഷൻ

ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ പണ്ഡിതനും സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനുമായ എം.ടി അബ്ദുല്ല മുസ് ലിയാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത നടപടി അന്യായവും സംശയാസ്പദവുമാണെന്ന് സഊദി ദാരിമീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും പക്ഷപാതപരമായാണ് പെരുമാറുന്നത്.
കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ബാലാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുകയും ചെയ്യുമ്പോള്‍ പോലും കേസെടുക്കാനോ നടപടിയെടുക്കാനോ മുതിരാത്ത കമ്മീഷന്‍ ആര്‍ക്കും പരാതി പോലും ഇല്ലാത്ത ഒരു പരാമര്‍ശത്തിന്റെ പേരില്‍ സ്വമേധയാ കേസെടുത്ത് ആവേശം കാണിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ് നേതാക്കള്‍ ചോദിച്ചു.

പതിനായിരത്തിലധികം മദ്രസകളിലൂടെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനാണ് എം.ടി അബ്ദുല്ല മുസ് ല്യാര്‍. മദ്രസയിലെ ഒരു പരിപാടിയില്‍ മത നിയമം പറഞ്ഞതിനാണ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. ഇത്തരം വിഭാഗീയമായ നടപടി ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും അവസാനിപ്പിക്കണമെന്ന് സഊദി ദാരിമീസ് അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
സൗദി ദാരിമീസ് അസോസിയേഷന്‍ പ്രസിഡന്റ് സുലൈമാന്‍ ദാരിമി, സെക്രട്ടറി അബ്ദുല്‍ റഷീദ് ദാരിമി, സല്‍മാന്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ ദാരിമി, നൂര്‍ ദാരിമി, അബ്ദുന്നാസിര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.