റിയാദ്: ഇറാന്റെ പിന്തുണയുള്ള തീവ്രവാദികളായ ഹൂതി മലിഷ്യയിൽ നിന്ന് എണ്ണ സംഭരണശാലകൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വെളിച്ചത്തിൽ ആഗോള വിപണികളിലേക്കുള്ള എണ്ണ വിതരണത്തിലെ കുറവിന് ഒരു ഉത്തരവാദിത്തവും വഹിക്കില്ലെന്ന് മുന്നറിയിപ്പുമായി സഊദി അറേബ്യ. വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വൃത്തങ്ങളാണ് സഊദി നിലപാട് വ്യക്തമാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തീവ്രവാദി ഹൂത്തി മലിഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യകളും അത്യാധുനിക ഡ്രോണുകളും നൽകുന്നതിലൂടെ ഇറാന്റെ തുടർച്ചയായ നിലനിൽപ്പിന്റെ അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം അറിഞ്ഞിരിക്കണമെന്നും സഊദി മുന്നറിയിപ്പ് നൽകി.
ഹൂതി ആക്രമണങ്ങൾ എണ്ണ ഉൽപ്പാദനം, സംസ്കരണം, ശുദ്ധീകരണം എന്നീ മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ എണ്ണ ഉൽപ്പാദന ശേഷിയെയും അതിന്റെ ബാധ്യതകൾ നിറവേറ്റാനുള്ള കഴിവിനെയും ബാധിക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.
ഊർജ വിതരണം സംരക്ഷിക്കുന്നതിലും ഇറാന്റെ പിന്തുണയുള്ള ഭീകരരായ ഹൂത്തി മലിഷ്യയ്‌ക്കെതിരെ ഉറച്ചുനിൽക്കുന്നതിലും അട്ടിമറി ആക്രമണങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതിലും അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു. ഇത് പെട്രോളിയം വിതരണത്തിന്റെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാണെന്നും സഊദി അറേബ്യ മുന്നറിയിപ്പ് നൽകി.
വര്ഷങ്ങളായി തുടർന്ന് വരുന്ന സഊദി ഊർജ്ജ മേഖലകൾ ക്കെതിരെയുള്ള ആക്രമണം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായിരുന്നു. അരാംകൊ എണ്ണ ഉത്പാദന, സംഭരണ വിതരണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് ആക്രമണം നേരിട്ട പ്ലാന്റുകളിൽ നിന്നുള്ള ഉത്പാദനം ഭാഗികമായി സഊദി അറേബ്യ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഹൂതി ആക്രമണവും സഊദി നിലപാടും ആഗോള എണ്ണ വിപണിയിൽ പുതിയ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനകൾ.




