വാഹനമിടിച്ച് കാൽ തകർന്നു, വിദഗ്ധ ചികിത്സയിൽ കണ്ടെത്തിയത് ഇരു വൃക്കകളും തകരാറിൽ, മലയാളിക്ക് തുണയായി പ്രവാസികൾ

0
2491

അബഹ: വാഹനാപകടത്തിൽ പരിക്കെറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ കണ്ടെത്തിയ വൃക്ക രോഗത്തിൽ കടുത്ത ദുരിതത്തിലായ മലപ്പുറം സ്വദേശിക്ക് കൈത്താങ്ങായി മലയാളി പ്രവാസി സമൂഹം. മലപ്പുറം എ ആർ നഗർ കൊളപ്പുറം പാറമ്മൽ സ്വദേശി ഷൈജു (34) ആണ് ദുരിതക്കയത്തിൽ കഴിയുന്നത്. റിയാദിൽ ജോലി ചെയ്തു കൊണ്ടിരിക്കെ സ്പോൺസർ ഹുറൂബ് ആക്കിയതിനെ തുടർന്ന് തർഹീൽ വഴി നാട്ടിൽ പോകുന്നതിന് വേണ്ടി ഖമീസിൽ എത്തിയതായിരുന്നു അദ്ദേഹം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടയിൽ സാധനം വാങ്ങാൻ പോകുന്നതിനിടയിൽ സ്വദേശി പൗരന്റെ വാഹനമിടിച്ച് ഒരാഴ്ച മുൻപ് ഇദ്ദേഹത്തിന് അപകടം സംഭവിച്ചു കാലിന്റെ എല്ലു പൊട്ടി ചികിത്സ തേടി ഹോസ്പിറ്റലിൽ അഡ്മിറ്റായി. തുടർന്നു നടത്തിയ വിദഗ്ദ പരിശോധനയിലാണ് അദ്ദേഹത്തിന്റെ രണ്ടു കിഡ്നികളും പ്രവർത്തനരഹിതമാണെന്ന ദയനീയമായ അവസ്ഥ അറിയുന്നത്.

തികച്ചും നിസ്സഹായനായ ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി ഷൈജുവിന്റെ സുഹൃത്തുക്കൾ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ സമീപിക്കുകയായിരുന്നു. സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി വെൽഫെയർ ഇൻ ചാർജ് മുനീർ ചക്കുവള്ളി, തൊഴിൽ മന്ത്രാലയത്തിലും, ഡീപോർട്ടേഷൻ സെന്ററിലും ശക്തമായ ഇടപെടൽ നടത്തിയ സ്വദേശി പൗരൻ യൂസഫ് അഹമ്മദ് സഈദ് ഖഹ്ത്താനി, സി സി ഡബ്ല്യൂ എ അംഗങ്ങളായ അഷറഫ് കുറ്റിച്ചൽ, ബിജു നായർ, ആദ്യാവസാനം ഒപ്പം നിന്ന മുജീബ് കരുനാഗപ്പള്ളി, ഈ വിഷയം വീഡിയോ ചെയ്തു ജനങ്ങളിൽ എത്തിച്ച നാസിക്ക് ഖമീസ്, സാമ്പത്തികമായി സഹായിച്ച പ്രവാസി സുഹൃത്തുക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സ്റ്റേറ്റ് പ്രസിഡന്റ്‌ ഹനീഫ ചാലിപ്പുറം യാത്രാ രേഖകൾ കൈമാറി.

വെള്ളിയാഴ്ച അബഹയിൽ നിന്നും യാത്ര തിരിക്കുന്ന ഷൈജുവിന് നാട്ടിൽ തുടർ ചികിത്സ നടത്തുന്നതിന് നാസർ മാനുവും ആസ്റ്റർ മെഡിസിറ്റി ഡോക്ടർ ഫർഹാനും വേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.