മലപ്പുറം: മുസ്‌ലിം കൈരളിയുടെ ആത്മീയ നായകൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായി. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് പതിനായിരക്കണക്കിന് ആളുകളുടെ കണ്ണീരിനിടെ പാണക്കാട് ജുമാമസ്ജിദിൽ ഖബറടക്കിയത്. തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ ഖബറടക്കം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും മലപ്പുറത്തേക്ക് ഒഴുകിയെത്തിയ അണമുറിയാത്ത ജനബാഹുല്യം അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പുലർച്ചെ തന്നെ ഖബറടക്കാൻ ബന്ധുക്കളും പാർട്ടി നേതൃത്വവും തീരുമാനിച്ചത്.
പാണക്കാട് ജുമാമസ്ജിദിൽ അവസാനമായി നടന്ന മയ്യിത്ത് നിസ്‌കാരത്തിനു ശേഷം സംസ്ഥാന സർക്കാറിന്റെ ഗാർഡ് ഓഫ് ഓണറിനു ശേഷമാണ് ഖബർസ്ഥാനിൽ ജനാസ മറവ് ചെയ്തത്. പാണക്കാട് ജുമാ മസ്ജിദിൽ അവസാനമായി നടന്ന മയ്യത്ത് നിസ്കാരങ്ങൾക്ക് സഹോദരൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, മകൻ മുഈനലി ശിഹാബ് തങ്ങൾ എന്നിവർ നേതൃത്വം നൽകി. ഹൈദരലി തങ്ങളുടെ ജേഷ്ഠ സഹോദരന്മാരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബ്റുകൾക്കരികെ പള്ളിയോട് ചേർന്നാണ് ഖബർ ഒരുക്കിയത്.
പൊതുദർശന സ്ഥലത്ത് രാത്രിയോടെ അസാധാരണ തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ വളന്‍റിയർമാരും പൊലീസും ഏറെ പ്രയാസപ്പെട്ടു. പലർക്കും തിരക്കിൽപ്പെട്ട് പരിക്കേറ്റു. ഖബറടക്കം നേരത്തെയാക്കിയതോടെ മണിക്കൂറുകൾ കാത്തുനിന്ന ആയിരങ്ങൾ മൃതദേഹം കാണാനാകാതെ മടങ്ങേണ്ടി വന്നു. പള്ളിയിലും പരിസരങ്ങളിലും പിന്നീട് ഈ ജനസഞ്ചയം ഒഴുകി എത്തിയിരുന്നു.
പ്രിയ നായകനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യയാത്രാമൊഴി നൽകാനും ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണവാർത്തയറിഞ്ഞയുടൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലപ്പുറത്തേക്ക് പുറപ്പെട്ടവർ വൈകുന്നേരമായപ്പോഴേക്ക് മഹാപ്രവാഹമായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മരിച്ചപ്പോഴും ടൗൺഹാൾ മുറ്റത്ത് മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് സമാനമായിരുന്നു 12 വർഷത്തിന് ശേഷം മലപ്പുറത്തെ കാഴ്ചകൾ.
അസ്സലാം യാ സയ്യിദീ…
പാണക്കാട്ട് കുടുംബാംഗങ്ങളെ കാണിച്ച ശേഷം വൈകുന്നേരം 6.45 ഓടെയാണ് ഹൈദരലി തങ്ങളുടെ മൃതദേഹം വഹിച്ച ആംബുലൻസ് ടൗൺഹാൾ മുറ്റത്തെത്തിയത്. സഹോദരൻ സാദിഖലി ശിഹാബ് തങ്ങൾ, സഹോദരപുത്രൻ മുനവ്വറലി തങ്ങൾ തുടങ്ങിയവർ അനുഗമിച്ചിരുന്നു. മയ്യിത്ത് ആംബുലൻസിൽ നിന്നിറക്കിയപ്പോൾ പ്രാർഥനകളുയർന്നു. ആദ്യ മയ്യിത്ത് നമസ്കാരത്തിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ നേതൃത്വം നൽകി. 20 മിനിറ്റ് ഇടവേളയിൽ പല തവണകളായി നിസ്കാരം നിർവഹിച്ചു.
അസ്സലാം യാ സയ്യിദീ… എന്ന് ഉരുവിട്ട് പ്രിയ നേതാവിനെ യാത്രയാക്കാൻ പ്രാർഥനാമന്ത്രങ്ങളാൽ മുഖരിതമായ ടൗൺഹാൾ മുറ്റത്തേക്ക് രാത്രി വൈകിയും ആളുകളുടെ ഒഴുക്കായിരുന്നു. ഒരു ചരിത്രം സമ്മാനിച്ചാണ് തങ്ങൾ ഓർമയുടെ തീരത്തേക്ക് മറഞ്ഞത്.




