കൊച്ചി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്റും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിടവാങ്ങി. 75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ചികില്‍സയിൽ കഴിയവേയാണ് ഇന്ന് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ ചികില്‍സയില്‍ കഴിയുകയായിരുന്നു തങ്ങൾ.
പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പരേതനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, വഖഫ് ബോർഡ് മുൻ ചെയർമാൻ പരേതനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചതിനെ തുടർന്നാണ് മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയിൽ എത്തിയത്. പതിനെട്ട് വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു.
ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.
മുസ്‌ലിം ലീഗ് നേതാവായിരുന്ന പുതിയ മാളിയേക്കൽ സയ്യിദ് അഹ്‌മദ് പൂക്കോയ തങ്ങളുടെയും ആയിശബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂൺ 15-നാണ് ഹൈദരലി ശിഹാബ് തങ്ങൾ ജനിച്ചത്.
നാട്ടിലെ പ്രാഥമിക പഠനത്തിനു ശേഷം, ഹൈദരലി തങ്ങളുടെ ഹൈസ്‌കൂൾ പഠനം കോഴിക്കോട്ടായിരുന്നു. ആ ഭാഗത്ത് അന്ന് മലപ്പുറത്ത് മാത്രമാണ് ഹൈസ്‌കൂൾ ഉണ്ടായിരുന്നത്. ശൈഖ് പള്ളിക്കു സമീപം അമ്മായിയുടെ ‘കോയ വീട് ‘എന്ന വീട്ടിൽ താമസിച്ച്, കോഴിക്കോട് മദ്റസത്തുൽ മുഹമ്മദിയയിൽ നിന്നും എസ്.എസ്.എൽ.സി നേടി. തുടർന്ന് മലപ്പുറം ജില്ലയിലെ തിരുന്നാവായക്കടുത്ത കോന്നല്ലൂർ, പൊന്നാനി മഊനത്ത് അറബിക് കോളജ് എന്നിവിടങ്ങളിൽ നിന്നും മതവിദ്യാഭ്യാസം നേടി. പാണക്കാട്ടെ ദേവധാര്‍ സ്‌കൂളിലാണ് ഒന്നു മുതല്‍ നാലു വരെ പഠിച്ചത്. തുടര്‍ന്നാണ് കോഴിക്കോട് മദ്റസത്തുല്‍ മുഹമ്മദിയ്യ(എം.എം ഹൈസ്‌കൂള്‍) സ്‌കൂളില്‍ ചേര്‍ന്നത്. പത്തുവരെ അവിടെയായിരുന്നു പഠനം. എസ്.എസ്.എല്‍.സിക്കു ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു. 1972ല്‍ ആണ് ജാമിഅയില്‍ ചേര്‍ന്നത്. 1975 ഫൈസി ബിരുദം നേടി.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാർ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാർ, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാര്‍. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതായിരുന്നു പൊതുപ്രവര്‍ത്തനത്തിന്റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും തുടക്കം.
1973 ല്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി. 1977 ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില്‍ മഹല്ല് പള്ളി മദ്റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. 1979-ൽ കരുവാരക്കുണ്ട് ദാറുന്നജാത്ത് അനാഥ-അഗതി മന്ദിരത്തിന്റെ പ്രസിഡന്റായി. 1994-ൽ കൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറ മഹല്ല് ഖാളിയായി. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തേട് കൂടുതല്‍ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു. 2008 ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009 ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്.
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.
ഹൈദരലി തങ്ങൾക്ക് രണ്ടു വയസ് പ്രായമുള്ള സമയത്താണ് ഹൈദരാബാദ് ആക്ഷന്റെ പേരിൽ പൂക്കോയതങ്ങളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ സമയത്ത് ഉമ്മ ആയിശ ബീവി ഉമ്മ ക്ഷയരോഗം ബാധിച്ച് കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് ചികിത്സയിലായിരുന്നു. മഞ്ചേരി സബ്ജയിലിൽ രണ്ടുദിവസവും കോഴിക്കോട് ജയിലിൽ രണ്ടാഴ്ചയുമായി പിതാവ് പൂക്കോയ തങ്ങൾ കഴിഞ്ഞു. തൊട്ടടുത്ത വർഷം ഉമ്മ മരിച്ചു. ഉപ്പയുടെ സഹോദരി മുത്തുബീവിയാണ് പിന്നീട് ഹൈദരലി തങ്ങളെ വളർത്തിയത്. മക്കളില്ലാത്ത മുത്തുബീവി കൊടപ്പനക്കലായിരുന്നു താമസം. കുടുംബക്കാർക്കും നാട്ടുകാർക്കും ഹൈദരലി തങ്ങൾ ‘ആറ്റപ്പൂ’ ആയിരുന്നു.
കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖിയുടെ പുത്രി ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. മക്കൾ: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈൻ അലി ശിഹാബ്, സയ്യിദത് സാജിദ, സയ്യിദത് വാജിദ. മരുമക്കൾ: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂർ.




