കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കാൻ പൂ വാങ്ങാൻ പോയ യുവതി വാഹനമിടിച്ചു മരിച്ചു

0
2792

റിയാദ്: സന്ദർശക വിസയിൽ റിയാദിലെത്തിയ യുവതി വാഹനമിടിച്ചു മരിച്ചു. ആന്ദ്രപ്രദേശ് കഡപ്പ സ്വദേശിനി തല്ലപ്പക സുജാനയാണ് റിയാദിൽ തുമാമ ഹൈവേയില്‍ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മരിച്ചത്. മൂന്നു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ഫളവര്‍ വാങ്ങാന്‍ പോകവേയാണ് ദാരുണ മരണം.

സന്ദര്‍ശക വിസയിലെത്തിയതാണ് സുജാനയും മകനും. മകന്റെ ജന്മ ദിനം ആഘോഷിക്കാന്‍ കേക്കും പലഹാരങ്ങളും തയ്യാറാക്കിയിരുന്നു. ഫ്‌ളവര്‍ വാങ്ങാന്‍ താമസസ്ഥലത്തിനടുത്തുള്ള ഫ്‌ളവര്‍ ഷോപ്പിലേക്ക് റോഡ് മുറിച്ചുകടന്നു പോവുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ഭർത്താവ് കിരണിന് റിമാല്‍ പോലീസില്‍ നിന്ന് ഫോണ്‍വന്നപ്പോഴാണ് വിവരമറിയുന്നത്. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ്, ദഖ് വാന്‍, കിരണിന്റെ സുഹൃത്തുക്കളായ രതീഷ്, പുരുഷോത്തമന്‍ എന്നിവര്‍ രംഗത്തുണ്ട്.