റഷ്യ-ഉക്രെയ്ൻ യുദ്ധം: രാജ്യത്ത് ഭക്ഷ്യ ചരക്കുകളുടെ സ്ഥിതി വ്യക്തമാക്കി സഊദി ഭക്ഷ്യസുരക്ഷാ സമിതി

0
1973

റിയാദ്: രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിതരണവും സ്റ്റോക്കുകളും ആശ്വാസകരമാണെന്നും പ്രാദേശിക വിപണികളിൽ അവയുടെ സമൃദ്ധിയെക്കുറിച്ച് ആശങ്കകളില്ലെന്നും വ്യക്തമാക്കി പരിസ്ഥിതി, ജലം, കൃഷി മന്ത്രിയും ഭക്ഷ്യസുരക്ഷാ സമിതി ചെയർമാനുമായ എഞ്ചിനീയർ അബ്ദുറഹ്മാൻ അൽ-ഫദ്‌ലി. നിലവിലെ റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ആഭ്യന്തര വിതരണം സുസ്ഥിരമായി നിലനിർത്തുന്നതിന് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് വർധിപ്പിച്ചുവെന്നും ഭക്ഷ്യസുരക്ഷാ തന്ത്രത്തിനും അത് നടപ്പാക്കുന്നതിന്റെ തുടർനടപടികൾക്കായി രൂപീകരിച്ച കമ്മിറ്റികൾക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക, മൃഗ, ഭക്ഷ്യ ചരക്കുകളുടെ വിതരണ ശൃംഖലകൾ സുരക്ഷിതവും വിശ്വസനീയവുമായ അളവിലാണുള്ളത്. വിതരണത്തിലെ ക്ഷാമം ഒഴിവാക്കാനാകും. പ്രാദേശിക വിപണിയിലെ ഭക്ഷ്യോത്പന്നങ്ങളുടെ സമൃദ്ധി നിരീക്ഷിക്കുന്നതിനും ആഗോള-പ്രാദേശിക വിതരണ ശൃംഖലകളുടെ തുടർനടപടികൾക്കുമായി ഭക്ഷ്യസുരക്ഷാ സമിതിയിൽ നിന്നുള്ള ഭക്ഷ്യ സമൃദ്ധി സമിതിയുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്.

അടിസ്ഥാന ഭക്ഷ്യവസ്തുക്കളായ ഗോതമ്പ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണകൾ, കോഴിമാംസം, ചുവന്ന മാംസം, മത്സ്യം, മുട്ട, പാലും അതിന്റെ ഡെറിവേറ്റീവുകൾ, പച്ചക്കറികളും പഴങ്ങളും, ഈന്തപ്പഴം, ബാർലി, മഞ്ഞ ചോളം, സോയാബീൻ, പച്ച കാലിത്തീറ്റ എന്നിങ്ങനെയുള്ള പ്രാദേശിക സ്റ്റോക്കുകളുടെ കാര്യത്തിൽ അദ്ദേഹം വിശദീകരിച്ചു. എല്ലാം സുരക്ഷിതമായ തലത്തിൽ തന്നെയുണ്ട്. വിതരണം ചെയ്യുന്ന അളവിൽ എന്തെങ്കിലും കുറവുണ്ടാകുമോ എന്ന ആശങ്കയില്ല.

കൊറോണ പാൻഡെമിക് സമയത്ത് രാജ്യത്തെ ഭക്ഷ്യ ചരക്ക് വിപണികളിൽ വിതരണത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ലാത്തതിനാൽ രാജ്യത്തെ ഭക്ഷ്യ സമ്പ്രദായത്തിന്റെ ശക്തി അദ്ദേഹം ഊന്നിപ്പറഞ്ഞു.