ഹിജാബ് സംരക്ഷണ പോരാളികൾക്ക് എസ് ഐ സി യുടെ ഐക്യദാർഢ്യം

ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിജാബിന്റെ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന എല്ലാവർക്കും സമസ്ത ഇസ്‌ലാമിക് സെന്റർ റാബിഖ് സെൻട്രൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം റാബിഖ് ഇസ്‌ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് “ഹിജാബ് അവകാശമാണ്” എന്ന ശീർഷകത്തിൽ നടത്തിയ പരിപാടിയിലാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ഓരോ പൗരനും അവൻ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ഹിജാബ് നിരോധിച്ച കർണാടക സംസ്ഥാന സർക്കാർ തീരുമാനം പുന: പരിശോധിക്കണമെന്നും ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തിക്കയറ്റരുത് എന്നും യോഗം ആവശ്യപ്പെട്ടു.

പരിപാടിയിൽ എസ് ഐ സി റാബിഖ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുസ്സലാം പുല്ലാളൂർ അധ്യക്ഷത വഹിച്ചു. ഹംസ ഫൈസി കാളികാവ് ഉദ്ഘാടനം ചെയ്തു. ശരീഫ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുൽ ഖാദർ, ഫഹദ് മലപ്പുറം, സക്കീർ മേൽമുറി, നിസാം വെട്ടത്തൂർ, അസ്ഹർ, തൗഹദ് മേൽമുറി, ഫിറോസ് കാസർഗോഡ് തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി വീരാൻ കുട്ടി സ്വാഗതവും മൊയ്‌ദുപ്പ മേൽമുറി നന്ദിയും പറഞ്ഞു.