ദമാം: ക്യാൻസർ ബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്ക്കാരിക വേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സഊദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി നവയുഗം കേന്ദ്രകമ്മിറ്റി രക്തദാന കാംപ് സംഘടിപ്പിച്ചു.
സ്ത്രീകളടക്കം നിരവധി ആളുകളെ പങ്കെടുപ്പിച്ചു നടന്ന രക്തദാന കാംപ് പ്രവാസി ഇന്ത്യക്കാരുടെ സാമൂഹ്യപ്രതിബദ്ധതയുടെയും ജീവകാരുണ്യത്തിന്റെയും മഹനീയമാതൃകയായി. ദമാം കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രാവിലെ എട്ടു മണിക്ക് ആരംഭിച്ച രക്തദാന കാംപ് നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്‌തു.
നവയുഗം കേന്ദ്രകമ്മറ്റി രക്ഷാധികാരി ഷാജി മതിലകം, ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയിൽ, ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ഗോപകുമാർ, വിനീഷ്, ഷിബുകുമാർ, മണിക്കുട്ടൻ, അനീഷ കലാം, മിനി ഷാജി, ശരണ്യ ഷിബു, ബിനു കുഞ്ഞു, ബിജു വർക്കി, പ്രിജി കൊല്ലം, തമ്പാൻ നടരാജൻ, റഹിം അലനല്ലൂർ എന്നിവർ രക്തദാനക്യാമ്പിന് നേതൃത്വം നൽകി. രക്തദാനക്യാമ്പ് സംഘടിപ്പിച്ചതിന് നവയുഗത്തിന് ദമാം കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രി അധികൃതർ പ്രശംസപത്രം സമ്മാനിച്ചു.




