റിയാദ്: പബ്ലിക് പ്രോസിക്യൂഷനിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ 11 അംഗ കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തെ പിടികൂടി. രണ്ട് സഊദി പൗരന്മാരും ഒമ്പത് താമസക്കാരും ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്. തുടർന്ന് നടന്ന അന്വേഷണത്തിനോടുവിൽ ഇവർക്കെതിരെ 52 വർഷം തടവും 62.5 മില്യൺ റിയാൽ പിഴയും വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
നിരവധി വാണിജ്യ സ്ഥാപനങ്ങളും അവരുടെ ശാഖകളും ഉപയോഗിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി അജ്ഞാത സ്രോതസ്സുകളിൽ നിന്ന് 10 ബില്യൺ റിയാലിലധികം തുക സ്വീകരിച്ച് പണം കൈമാറ്റം ചെയ്യുകയായിരുന്നു സംഘം ചെയ്തിരുന്നത്.
ഇതു ശ്രദ്ധയിൽ പെട്ട പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ കേസ് ഫയൽ ചെയ്യുകയുമായിരുന്നു. 52 വർഷം തടവും 62.5 മില്യൺ റിയാൽ പിഴയും ഉൾപ്പെടെയുള്ള പ്രാരംഭ വിധി പ്രത്യേക കോടതി പുറപ്പെടുവിച്ചതായും സ്രോതസ്സ് കൂട്ടിച്ചേർത്തു.
നിക്ഷേപ പോർട്ട്‌ഫോളിയോകളിലെ പണവും സ്വത്തുക്കളും പ്രോസിക്യൂഷൻ കണ്ടുകെട്ടി. വിദേശികളെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയും പൗരന്മാരെ അവരുടെ ശിക്ഷയ്ക്ക് സമാനമായ കാലയളവിൽ വിദേശ യാത്രക്ക് വിലക്കെർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകളിലെ സാമ്പത്തിക ഭദ്രതയിൽ കൈകടത്താൻ ശ്രമിക്കുന്ന എല്ലാവരെയും തടയുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നത്. കർശനമായ നീക്കങ്ങളാണ് കള്ളപ്പണത്തിനെതിരെ സഊദിയിൽ നടക്കുന്നത്.




