സഊദിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 24 ലക്ഷത്തിലധികം മയക്കു മരുന്ന് ഗുളികകൾ, വീഡിയോ

0
1348

ജിദ്ദ: ഇസ്‌ലാമിക് പോർട്ട്, ദുബ തുറമുഖം എന്നിവയിലൂടെ രാജ്യത്തേക്ക് എത്തിച്ച ചരക്കുകളിൽ ഒളിപ്പിച്ച നിലയിൽ 2.4 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി. രാജ്യത്തേക്കുള്ള ചരക്കിൽ ഒളിപ്പിച്ച് കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്താൻ കഴിഞ്ഞതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

ജിദ്ദ ഇസ്‌ലാമിക് പോർട്ടിലാണ് ആദ്യ കള്ളക്കടത്ത് ശ്രമം കണ്ടെത്തിയത്. അവിടെ നിന്നാണ് പ്ലാസ്റ്റിക് കയ്യുറകൾക്കിടയിൽ കൃത്രിമമായി ഒളിപ്പിച്ച നിലയിൽ 2.06 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകളാണ് അതോറിറ്റി പിടികൂടിയത്. കയ്യുറ ബോക്സുകൾക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

ദുബ തുറമുഖ കസ്റ്റംസാണ് രണ്ടാമത്തെ കള്ളക്കടത്ത് ശ്രമം പിടികൂടിയത്. ട്രക്കുകളിൽ ഒന്നിൽ ഘടിപ്പിച്ചിരുന്ന തുറമുഖം വഴി രാജ്യത്തേക്ക് എത്തിക്കുകയായിരുന്ന ചരക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് ഇവിടെ നിന്ന് 4,23,000 ഗുളികകൾ കണ്ടെത്തിയത്. ചരക്ക് കടത്തുന്ന ട്രക്കിന്റെ സ്പെയർ ടയറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകൾ.

തുടർന്ന്, മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ചതിന് ശേഷം, ചരക്കുകൾ സ്വീകരിക്കാനായുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.