കരിപ്പൂർ: സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ ക്വാറന്റൈൻ ഇല്ലാതെ പ്രവേശനം സാധ്യമാകൂ എന്ന നിബന്ധന നില നിൽക്കെ റീ എൻട്രിയിൽ മടങ്ങുന്ന പ്രവാസികൾക്ക് അശ്രദ്ധ മൂലം യാത്ര മുടങ്ങുന്നു. നേരത്തെ, നാട്ടിൽ കുടുങ്ങിയ സമയത്ത് രണ്ട് ഡോസ് വാക്സിൻ എടുത്ത് സഊദിയിൽ മടങ്ങിയെത്തിയ ശേഷം വീണ്ടും റീ എൻട്രിയിൽ പോകുന്നവരാണ് അശ്രദ്ധ മൂലം തിരിച്ചു വരുന്ന സമയത്ത് എയർപോർട്ടുകളിൽ നിന്ന് തിരിച്ചു പോകേണ്ടി വരുന്നത്.
നാട്ടിലെ വാക്സിന് ശേഷം സഊദിയിൽ തിരിച്ചിറങ്ങുകയും ബൂസ്റ്റർ ഡോസ് എടുത്ത ശേഷം വീണ്ടും റീ എൻട്രിയിൽ പോകുന്നവരാണ് ക്വാറന്റൈൻ ആവശ്യമില്ലെന്ന തെറ്റായ ധാരണ മൂലം യാത്ര ക്രമീകരിക്കുന്നത്. ഇത്തരക്കാർ സഊദി യാത്രക്കായി നാട്ടിലെ എയർപോർട്ടുകളിൽ എത്തുമ്പോൾ ബോർഡിങ് സമയത്ത് ഹോട്ടൽ ബുക്കിംഗ് കാണിക്കാൻ ആവശ്യപ്പെടുന്ന സമയത്താണ് അമളി മനസിലാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ യാത്ര മുടങ്ങിയത് നിരവധി പേർക്കാണ്.
സഊദി പ്രവേശന നിബന്ധനകൾ പൂർണ്ണമായും മനസിലാക്കാതെ നിരവധി പേർ ഇത് പോലെ യാത്രക്കൊരുങ്ങി എത്തുകയും പിന്നീട് എയർപോർട്ടിൽ നിന്ന് തിരിച്ചു പോകേണ്ടി വരികയും ചെയ്യുന്നത് തുടർകഥയാകുകയാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് നേരിട്ട് ക്വാറന്റൈൻ ഇല്ലാതെ പ്രവേശനം അനുവദിക്കുന്നത്. സ്വിഹതി ആപ്പിലെ സർട്ടിഫിക്കറ്റ് പരിശോധിച്ചാണ് ഇത് ഉറപ്പ് വരുത്തുന്നത്. അല്ലാത്തവർക്ക് സഊദിയിൽ ഹോട്ടൽ ക്വാറന്റൈൻ നിര്ബന്ധമാണ്. എന്നാൽ, ഒരു ഡോസ് വാക്സിൻ എങ്കിലും സഊദിയിൽ നിന്ന് എടുത്തവർക്ക് മൂന്ന് ദിവസത്തെ ക്വാറന്റൈൻ മതിയാകും എന്നതാണ് ഇളവ്.
സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് നേരിട്ട് ക്വാറന്റൈൻ ഇല്ലാതെ പ്രവേശനം അനുവദിക്കുകയെന്ന നിബന്ധന നില നിൽക്കുന്നത്, കൊവിഡ് ആദ്യ ഘട്ടത്തിൽ നാട്ടിലെ കുടുങ്ങിയവരെയാണ് ഏറെ പ്രതിസന്ധിയിലാക്കുന്നത്. ആ സമയത്തുണ്ടായ പ്രത്യേക പ്രതിസന്ധി സാഹചര്യത്തിൽ എങ്ങനെയെങ്കിലും സഊദിയിൽ തിരിച്ചെത്തിയാൽ മതിയെന്ന ചിന്തയിൽ മിക്കയാളുകളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചാണ് സഊദിയിൽ മടങ്ങിയെതിയത്. ഇവരാണ് വീണ്ടും റീ എൻട്രിക്ക് പോയി മടങ്ങുമ്പോൾ പെടുന്നത്.
ഇതിനിടയിൽ ഇവരിൽ പലർക്കും ബൂസ്റ്റർ ഡോസ് സഊദിയിൽ നിന്ന് കിട്ടുകയും ചെയ്തതോടെ തിരിച്ചു വരാൻ തടസം ഇല്ലെന്ന ധാരണയിലാണ് യാത്ര ചെയ്യുന്നത്. പലരും മടക്ക യാത്രക്കായി എയർപോർട്ടുകളിൽ എത്തുമ്പോഴാണ് ഇക്കാര്യം തിരക്കുന്നത് തന്നെ. ക്വാറന്റൈൻ പാക്കേജ് പെട്ടെന്നു ലഭിക്കാത്തതിനാൽ ഇവരുടെ യാത്ര മുടങ്ങുകയും ചെയ്യുന്നു. ഉയർന്ന ടിക്കറ്റ് നിരക്കാണ് നിലവിൽ എന്നതിനാൽ പലരും വളരെ കുറഞ്ഞ ടിക്കറ്റ് എടുത്തവരും ആയിരിക്കും. ഇത്തരത്തിലുള്ള ടിക്കറ്റുകൾക്ക് പലപ്പോഴും റീ ഫണ്ട് ഇല്ലാത്തതിനാൽ ഈ പണവും യാത്രക്കാർക്ക് നഷ്ടമാകുകയാണ്.
നിലവിൽ സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് നേരിട്ട് ക്വാറന്റൈൻ ഇല്ലാതെ പ്രവേശനം അനുവദിക്കുക. അല്ലാത്തവർക്ക് അഞ്ച് ദിവസ ക്വാറന്റൈനും ഒരു ഡോസ് എങ്കിലും സഊദിയിൽ നിന്ന് എടുത്തവർക്ക് മൂന്ന് ദിവസ ക്വാറന്റൈനും നിര്ബന്ധമാണ് എന്നത് സഊദി പ്രവാസികൾ നിർബന്ധമായും ഓർക്കേണ്ടതാണ്.
വാർത്താ ഗ്രൂപ്പിൽ അംഗമാകാം 👇




