വിമാന യാത്രക്ക് ഇനി ഹാൻഡ് ബാഗ് ഒന്ന് മാത്രം, കർശനമായി നടപ്പാക്കാൻ നിർദേശം

0
7482

ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരന് ഒരു ഹാൻഡ് ബാഗ് എന്ന ചട്ടം കർശനമായി നടപ്പാക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. വിമാനത്താവളത്തിലെ തിരക്കും സുരക്ഷാ ഭീഷണിയും കുറയ്ക്കുന്നതിനായാണ് കേന്ദ്ര സർക്കാർ ഒരു യാത്രക്കാരന് ഒരു ഹാൻഡ്‌ബാഗ് എന്ന നിബന്ധന ഏർപ്പെടുത്തിയത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) അറിയിപ്പ് അനുസരിച്ച്, ഇന്ത്യയിലെ എല്ലാ വിമാനങ്ങൾക്കും ഈ നിയമം ബാധകമാണ്. ചട്ടം കാര്യക്ഷമമായി നടപ്പാക്കാത്തത് മൂലമാണ് വിമാനത്താവളങ്ങളിൽ തിരക്ക് കൂടാൻ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ ഏജൻസിയായ ബിസിഎഎസ് അറിയിച്ചു.

സർക്കുലർ പ്രകാരം, സ്ത്രീകളുടെ ബാഗ് ഉൾപ്പെടെ സർക്കുലറിൽ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുള്ള ഇനങ്ങൾ ഒഴികെ, ഒന്നിൽ കൂടുതൽ ഹാൻഡ് ബാഗ് കൊണ്ടുപോകാൻ ഒരു യാത്രക്കാരനെയും അനുവദിക്കരുത് എന്നാണ് നിർദേശം. യാത്രക്കാരനെ പ്രീ-എംബാർക്കേഷൻ സെക്യൂരിറ്റി ചെക്കുകൾക്ക് അനുവദിക്കുന്നതിന് മുമ്പ് അവരുടെ ഹാൻഡ് ബാഗ് സ്റ്റാറ്റസ് പരിശോധിക്കാനും എയർലൈന് ഉത്തരവാദിത്തമുണ്ടെന്നും ജീവനക്കാരെ നിയോഗിക്കുണമെന്നും നിർദേശമുണ്ട്. എല്ലാ എയർലൈനുകളും യാത്രക്കാരുടെ ടിക്കറ്റുകളിൽ / ബോർഡിംഗ് പാസുകളിൽ ‘വൺ ഹാൻഡ് ബാഗ് നിയമം’ വളരെ വ്യക്തമായി പ്രദർശിപ്പിക്കാനും ഉത്തരവിൽ പറയുന്നു.

‘വൺ ഹാൻഡ് ബാഗ് റൂൾ’ എന്നതിന്റെ ഉള്ളടക്കം പ്രദർശിപ്പിക്കുന്ന ഹോർഡിംഗ് / ബാനർ / ബോർഡ് / സ്റ്റാൻഡികൾ എന്നിവ എയർപോർട്ടുകളിലെ ചെക്ക്-ഇൻ കൗണ്ടറുകൾക്ക് സമീപം സ്ഥാപിക്കാൻ എയർപോർട്ട് ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകണം. ആവശ്യമെങ്കിൽ, അവരുടെ അധിക ഹാൻഡ് ബാഗുകൾ രജിസ്റ്റർ ചെയ്ത ബാഗേജിലേക്ക് മാറ്റാനുള്ള ഓപ്ഷൻ ഉണ്ട്.