മക്ക: ഉംറ നിർവഹിക്കുന്നതിന് അനുവദനീയമായ ആവർത്തന കാലയളവ് 10 ദിവസമാണെന്ന് വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം. കൊവിഡ് വർധനവിനെ തുടർന്നാണ് നടപടി. ചോദ്യത്തിന് മറുപടിയായി പ്രതികരിക്കുകയായിരുന്നു ഹജ്ജ് ഉംറ മന്ത്രാലയം
മക്കയിലെ ഹറം പള്ളി കാര്യാലയം അംഗീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഉംറ ആവർത്തന ഇടവേള പത്തു ദിവസമായി ഉയർത്താൻ കാരണമെന്ന് മന്ത്രാലയം പറഞ്ഞു.
രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞതോടെ രണ്ട് ഉംറ കൾക്കിടയിലെ ഇടവേള ഹജ്, ഉംറ മന്ത്രാലയം ഒഴിവാക്കിയിരുന്നു. ഇതോടെ, ഒരു ഉംറ ചെയ്ത ഉടൻ തന്നെ പുതിയ പെർമിറ്റ് നേടാൻ സാധിക്കുമായിരുന്നു. ഈ നടപടിക്കാണ് വീണ്ടും നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കുത്തനെ ഉയരുന്ന നിലവിലെ സാഹചര്യത്തിൽ വിശുദ്ധ ഹറമിലെ തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയ നീക്കം.
എല്ലാ സ്ഥലങ്ങളിലും പ്രവർത്തനങ്ങളിലും ഇവന്റുകളിലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കുന്നതും പുനഃസ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം ദിവസങ്ങൾക്കു മുമ്പ് നിർദേശം നൽകിയിരുന്നു.




