കൊവിഡ് ഉയരുന്നു; സഊദിയിൽ ബസുകളിലും മസാജ് കേന്ദ്രങ്ങളിലും പുതിയ നിയന്ത്രണങ്ങൾ, ബസ്സുകളിൽ രണ്ടു യാത്രക്കാർക്കിടയിൽ സീറ്റ് ഒഴിച്ചിടണം

0
2989

റിയാദ്: രാജ്യത്ത് വൈറസ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബസുകളിലും മസാജ് സെന്ററുകളിലും പാലിക്കേണ്ട നടപടികൾ പരിഷ്കരിച്ചു. പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” ആണ് നഗരങ്ങൾക്കുള്ളിലെ യാത്രാ ബസുകളുടെ ഉപയോഗം, മസാജ് സേവനം, മൊറോക്കൻ ബാത്ത് എന്നിവയ്ക്കുള്ള പ്രതിരോധ പ്രോട്ടോക്കോളുകൾ പരിഷ്കാരിച്ചതായി അറിയിച്ചത്. നഗരങ്ങൾക്കുള്ളിൽ പാസഞ്ചർ ബസുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിൽ, എല്ലാ ഉപഭോക്താക്കളും സ്റ്റേഷനുകളിൽ ഹാജരാകുമ്പോഴും ബസുകളിൽ കയറുമ്പോഴും മാസ്ക് ധരിക്കണമെന്നും ടിക്കറ്റ് ഉടമകളെ മാത്രം ബസിൽ കയറാൻ അനുവദിക്കണമെന്നും കയറുമ്പോൾ ടിക്കറ്റ് നൽകുന്ന നടപടികൾ ഒഴിവാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

ബസിനുള്ളിൽ യാത്രക്കാരെ നിൽക്കാൻ അനുവദിക്കാതിരിക്കുക, നിലത്ത് സ്റ്റിക്കറുകൾ ഉപയോഗിച്ച് വ്യക്തികളെ ശാരീരിക അകലം പാലിക്കാൻ നിർബന്ധിക്കുക, ഒന്നര മീറ്റർ അകലം പാലിക്കുക, ബസിനുള്ളിലെയും കാത്തിരിപ്പ് സ്ഥലങ്ങളിലെയും തിരക്ക് തടയുക എന്നിവയും പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുകവലിക്കായി മുറികൾ അനുവദിക്കരുത്, യാത്രക്കാർക്കിടയിൽ സീറ്റ് ഒഴിച്ചിടുക, ബസിനുള്ളിൽ മാസ്ക് ധരിക്കുക, ബസിൽ കയറാൻ മുൻവാതിലും ഇറങ്ങാൻ പിൻവാതിലും ഉപയോഗിക്കുക എന്നിവയും പാലിക്കണം. തൊട്ടടുത്തുള്ള സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്ത് ഒരേ കുടുംബത്തിന് ഒരുമിച്ച് ഇരിക്കാവുന്നതാണ്.

മസാജ് കേന്ദ്രങ്ങളിൽ ഓരോരുത്തർക്കും ടവലുകൾ, സോപ്പ്, ഫൈബർ എന്നിവ പോലുള്ള ഒറ്റത്തവണ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ വേണം, കസേരകൾ പുനഃക്രമീകരിക്കുക, സാമൂഹിക അകലം പാലിക്കാനുള്ള നടപടികൾ കൈക്കൊള്ളണം, ഉപഭോക്താക്കൾ ഇരിക്കുന്നതോ കാത്തുനിൽക്കുന്നതോ ആയ സ്ഥലങ്ങളിലും എല്ലാ സൗകര്യങ്ങളിലും ഒന്നര മീറ്റർ അകലം ഉറപ്പാക്കാനും കടയിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ അണുവിമുക്തമാക്കാനും ഉപഭോക്താക്കളെ നിർബന്ധിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മസാജ് സെന്ററുകൾക്ക് ഉള്ളിൽ ആയിരിക്കുമ്പോൾ തുണിയോ മെഡിക്കൽ മാസ്കുകളോ ധരിക്കുക.

സ്റ്റീം റൂമുകളും മറ്റും ഒരു സമയം ഒരാൾ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്. കൂടാതെ ഓരോ ഉപയോഗത്തിന് ശേഷവും ഇരിപ്പിടങ്ങളും വാതിൽ ഹാൻഡിലുകളും അണുനശീകരണം നടത്തണം. പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടുകയും വാതിലുകൾ സൂക്ഷിക്കുകയും വേണം.

വിഖായയുടെ നടപടികളും നിയന്ത്രണങ്ങളും അറിയാൻ ലിങ്കിൽ കയറുക👇

https://covid19.cdc.gov.sa/ar/professionals-health-workers-ar/preventive-protocols-from-29-10-1441-ar/bus-protocols-within-cities-ar/