ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. വ്ളാത്തങ്കരയില്‍ താമസിക്കുന്ന എം.എല്‍.അല്‍മയാണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസാണ്. ഭര്‍ത്താവ് വിഷ്ണു പൊലീസ് കസ്റ്റഡിയില്‍. 

ഭാര്യയെ കൊലപ്പെടുത്തിയെന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍റെ വീട്ടില്‍ച്ചെന്ന് ഇന്ന് രാവിലെ എട്ടിനും എട്ടരയ്ക്കും മധ്യേ  ഇയാള്‍ അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് പാറശാല പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തു.മൃതദേഹം വീട്ടിനുള്ളില്‍ത്തന്നെയാണ്. ഫോറൻസിക് സംഘം  എത്തിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും . കുത്തിയും വെട്ടിയുമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. 

പി.എസ്.സി പരിശീലന കേന്ദ്രങ്ങളില്‍ അധ്യാപകനാണ് 36 കാരനായ വിഷ്ണു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒന്‍പതുവര്‍ഷമായി. മക്കളില്ല. കുടുംബവഴക്കാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.