റിയാദ്: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമായി തുടരുന്നതിനിടെ, പോർട്ട് സുഡാൻ വിമാനത്താവളത്തിൽ സഊദിയ വിമാനം ജനങ്ങൾ തടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു
സഊദി എയർലൈൻസിന്റെ വിമാനം ഒരു കൂട്ടം ആളുകൾ റൺവേയിൽ തടയുന്നതും വിമാനത്തിന് ചുറ്റും ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സുഡാനിലെ നിലവിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് ആരോപിച്ചാണ് ഈ പ്രതിഷേധമെന്ന അവകാശവാദത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സഊദി അറേബ്യയുടെയും സുഡാന്റെയും നയതന്ത്ര നീക്കങ്ങളെ ബാധിക്കുന്ന തരത്തിൽ ഈ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ടെങ്കിലും, വസ്തുതകൾ പരിശോധിക്കുമ്പോൾ, പ്രചരിക്കുന്ന ദൃശ്യങ്ങൾക്കും സുഡാനിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾക്കും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം.
2019 മെയ് മാസത്തിൽ പോർട്ട് സുഡാൻ വിമാനത്താവളത്തിൽ നടന്ന ഒരു സംഭവമാണിത്. അന്ന് സഊദി എയർലൈൻസിന്റെ SV464 എന്ന നമ്പറിലുള്ള A320 വിമാനം ജിദ്ദയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച് റൺവേയിലേക്ക് പ്രവേശിക്കുകയായിരുന്നു.
വിമാനത്തിന്റെ നീക്കം തടസ്സപ്പെടുത്തിയതിനെത്തുടർന്ന് അന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടത്. ഈ സംഭവത്തിൽ സഊദി എയർലൈൻസ് അന്ന് തന്നെ ഔദ്യോഗിക വിശദീകരണം നൽകുകയും ചെയ്തിരുന്നു.





